യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
മൊറാദാബാദ് ∙ ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ പക്ബഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഇരട്ടക്കൊല ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നു.
വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട യുവതിയെയും ഭർത്താവിനെയും യുവതിയുടെ സ്വന്തം സഹോദരങ്ങൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
മൂന്ന് ദിവസം മുൻപ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച വൈകുന്നേരം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൊല്ലപ്പെട്ടവർ കാജൽ സൈനി (18)യും ഭർത്താവ് മുഹമ്മദ് അർമാൻ (24)യും ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ് കുടുംബാംഗങ്ങളുടെ കടുത്ത എതിർപ്പിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഈ ബന്ധത്തെ കുടുംബം അംഗീകരിക്കാതിരുന്നതാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി അർമാൻ കാജലിനെ കാണാനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഇത് അറിഞ്ഞ കാജലിന്റെ ബന്ധുക്കൾ രോഷാകുലരായി ഇരുവരെയും തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു.
യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് മൺവെട്ടി ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം തെളിവുകൾ മറയ്ക്കാനായി മൃതദേഹങ്ങൾ സമീപത്തെ ഗഗൻ നദിക്കരയിൽ കുഴിച്ചുമൂടുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരെയും കാണാതായതിനെ തുടർന്ന് അർമാന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
ബുധനാഴ്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. തുടർന്ന് കാജലിന്റെ കുടുംബാംഗങ്ങളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
വിശദമായ ചോദ്യംചെയ്യലിനിടെ യുവതിയുടെ സഹോദരങ്ങൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇവർ തന്നെയാണ് മൃതദേഹങ്ങൾ സംസ്‌കരിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്.
കേസുമായി ബന്ധപ്പെട്ട് കാജലിന്റെ സഹോദരങ്ങളായ റിങ്കു സൈനി, സതീഷ് സൈനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മറ്റ് കുടുംബാംഗങ്ങൾക്കും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൊലപാതകത്തിന്റെ കൃത്യമായ ആസൂത്രണവും പശ്ചാത്തലവും കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
മൃതദേഹങ്ങൾ പുറത്തെടുത്തതിനെ തുടർന്ന് പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ നിലനിന്നു. ഇരു സമുദായങ്ങളിലെയും ആളുകൾ സ്ഥലത്ത് തടിച്ചുകൂടി.
സാഹചര്യം നിയന്ത്രണവിധേയമാക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ക്രമസമാധാനം പാലിക്കുന്നതിനായി പിഎസി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധിക പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചതായി അധികൃതർ അറിയിച്ചു.









