കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന പോലീസുകാരിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇക്കഴിഞ്ഞ ദിവസം അപകടം നടന്ന ഡൽഹി സ്റ്റേഷനിലാണ് ഇത്തരത്തിൽ ആർപിഎഫ് വനിതാ കോൺസ്റ്റബിൾ തന്റെ ജോലി ചെയ്യുന്നത്.
ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കഴുത്തിൽ തൂക്കിയിട്ട് റയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്ന ആർപിഎഫ് വനിതാ കോൺസ്റ്റബിളിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. യുവതി കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച്, ഒരു കയ്യിൽ ലാത്തിയും, മറ്റൊരു വശത്ത് ക്രമസമാധാനവും നിരീക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ദൃഢതയുടെയും മറ്റൊരു കാഴ്ചയാണ് ഇതെന്ന് കണ്ടവർ കണ്ടവർ പറയുന്നു. ബാറ്റണിൽ മുറുകെപ്പിടിച്ച്, മുഖത്ത് മങ്ങലില്ലാത്ത ചെറിയൊരു പുഞ്ചിരിയുമായാണ് യുവതി തന്റെ ജോലി ചെയ്യുന്നത്. രണ്ടും ഒരേസമയം ഒരുപോലെ കൊണ്ട് പോകുന്ന ഈ കാഴ്ച മറ്റുള്ളവർക്കും ഒരു പ്രചോദനമാണെന്ന് സമൂഹ മാധ്യമങ്ങളിൽ പലരും പറയുന്നുണ്ട്.