വാൻ കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം
പൂനെ: ക്ഷേത്രം സന്ദർശിക്കാനായി പോകുകയായിരുന്ന വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് സ്ത്രീകൾ മരിച്ചു. പൂനെയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റു.
കുന്നിൻ മുകളിലുള്ള ക്ഷേത്ര സന്ദർശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം യാത്രക്കാരുമായി പോയ വാഹനം ഉച്ചയ്ക്ക് 1 മണിയോടെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ആഘോഷിക്കാൻ ഖേദ് തെഹ്‌സിലിലെ ശ്രീ ക്ഷേത്ര മഹാദേവ് കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പാപൽവാഡി ഗ്രാമത്തിൽ നിന്നുള്ള ഭക്തരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.
നാടിനെ നടുക്കിയ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെ കുടുംബത്തിനും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു
തൃശൂർ: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂരിൽ ഇന്ന് രാവിലെ 10.14നായിരുന്നു അപകടം നടന്നത്. പൂവത്തൂർ സ്വദേശി നളിനി (74) യാണ് മരിച്ചത്.
പൂവത്തൂരിലേക്കുള്ള ‘ജോണീസ്’ എന്ന ബസിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പൂച്ചക്കൂന്ന് സ്റ്റോപ്പിൽ നിന്നാണ് നളിനി ബസിൽ കയറിയത്. ഇവർ കയറിയ ഉടൻ തന്നെ കണ്ടക്ടർ വാതിൽ അടക്കുകയും ചെയ്തിരുന്നു.
ബസിൽ ആദ്യം ഡ്രെെവറുടെ പിറകിലെ കമ്പിയിൽ പിടിച്ചു നിന്ന നളിനി പിറകിൽ സീറ്റുണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങോട്ടു പോയി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ ബാലൻസ് തെറ്റി നളിനി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
കണ്ടക്ടർ കെെയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ വാതിലിലിടിച്ച് വാതിൽ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയും ചെയ്തു.
ഉടൻ തന്നെ ബസ് നിർത്തി നളിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തിരുവനന്തപുരത്തെ അപകടം; രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ നടപടിയെടുത്ത് തിരുവനന്തപുരം എൻഫോസ്‌മെന്റ് ആർടിഒ. അപകടമുണ്ടാക്കിയ രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
വാഹനമോടിച്ച എകെ വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നൽകിയ വിജയൻ കെ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് നടപടി.
ഇതിനു പുറമെ ഇരുവരെയും എടപ്പാളിലെ എംവിഡി ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപം ഇന്നലെയാണ് അപകടം നടന്നത്.
ഡ്രൈവിംഗ് പരിശീലനത്തിനിടെ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്.
കൂടാതെ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിരുന്നു. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.
Summary: In Pune, a van carrying pilgrims to a hilltop temple overturned into a gorge, killing eight women and injuring 29 others. The tragic accident occurred during their temple visit.