കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അധ്യാപിക
കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് മയങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. കൊല്ലം കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലാണ് സംഭവം.
തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ അടിച്ചത്.
മർദനം നടക്കുന്നതിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്.
ഇതേ തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം കുട്ടി ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ഈ സമയം ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റതിനെ തുടർന്ന് തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു.
ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ അറിയിച്ചു. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ആണ് ചികിത്സിച്ച ഡോക്ടര്‍മാർ പറഞ്ഞത്.
സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട് പോക്സോ കേസ്; എഇഒയെ സസ്‌പെന്‍ഡ് ചെയ്തു
കാസര്‍കോട്: കാസര്‍കോട് പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെതിരെയാണ് നടപടി.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പതിനാറുകാരനായ വിദ്യാർത്ഥിയെ പ്രതികൾ പരിചയപ്പെട്ടത്.
കേസിൽ പതിനാല് പ്രതികളാണുളളത്. ഇവരിൽ ആറ് പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.
കേസിലെ മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. വിദ്യാർത്ഥിയുടെ അമ്മയുടെ ഇടപെടലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടു. ഇതേ തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് കുറെ കാലങ്ങളായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്.
പ്രതികള്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കാണ് അന്വേഷണത്തിന്റെ ചുമതല ഉള്ളത്.
Summary: A teacher has been accused of hitting a girl student on the head with a book after she was found dozing off on her desk in the classroom. The incident occurred at CVKM School in East Kallada, Kollam.