പരാതികൾക്ക് പരിഹാരമാകുന്നു
എറണാകുളം : 10 ദിവസത്തെ നട തുറപ്പ് മഹോത്സവത്തിന് പതിനായിരങ്ങളെത്തുന്ന തിരുവൈരാണിക്കുളം ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന
ജല മലിനീകരണ പരാതിക്ക് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിലൂടെ പരിഹാരമാകുന്നു.
ക്ഷേത്രത്തിൽ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ജല മലിനീകരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡും ക്ഷേത്ര ഭാരവാഹികളും കമ്മീഷന് ഉറപ്പു നൽകി.
ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച ശേഷം സമീപവാസിയുടെ കിണർവെള്ളം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ശ്രീമൂലനഗരം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
തിരുവൈരാണിക്കുളം ക്ഷേത്രകവാടത്തിൽ നിന്നും 300 മീറ്റർ അകലെ താമസിക്കുന്ന സുജികുമാർ ഉത്സവകാലത്ത് കിണർവെള്ളം മലിനമാവുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊച്ചി സബ് കളക്ടർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചി ദേവസ്വം ബോർഡ്, മലിനീകരണ നിയന്ത്രണ ബോർഡ്, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവർക്ക് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സബ് കളക്ടർ അറിയിച്ചു.
തുടർന്ന് എൻവയോൺമെന്റൽ എഞ്ചിനീയറോട് സ്ഥലപരിശോധന നടത്താൻ കമ്മീഷൻ നിർദ്ദേശിച്ചു.
6 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മലിനജലശേഖരണ സംഭരണ ടാങ്ക് നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. 5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
ട്രീറ്റ്മെന്റ് പ്ലാന്റ് വഴി സംസ്കരിച്ച മലിനജലം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബോർഡ് മുന്നോട്ടു വച്ച വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി മാത്രമേ
പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിന് പ്രവർത്തനാനുമതി നൽകുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2026 ലെ ഉത്സവസമയത്ത് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ കാര്യക്ഷമത പൂർണമായി ഉറപ്പുവരുത്താൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.
ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ജലമലിനീകരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മലിനീകരണ നിയന്ത്രണബോർഡും ക്ഷേത്രം ഭാരവാഹികളും കമ്മീഷന് ഉറപ്പു നൽകി.
സെപ്റ്റംബറിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും. പരാതിക്കാരനും എൻവയോൺമെന്റൽ എഞ്ചിനീയറും പഞ്ചായത്ത് സെക്രട്ടറിയും സിറ്റിംഗിൽ ഹാജരാകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം
വർഷത്തിൽ ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം ശ്രീ പാർവ്വതി ദേവിയുടെ നടതുറക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.
പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് ക്ഷേത്രം. ഒരേ ശ്രീകോവിലിൽ കാരുണ്യമൂർത്തിയായ സദാശിവനെ കിഴക്കോട്ടു ദർശനമായും മഹാദേവന്റെ പുറകിൽ പടിഞ്ഞാറ് ദർശനമായി ശ്രീപാർവ്വതിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
മഹാദേവന്റെ മുൻപിലെ മണ്ഡപത്തിൽ ദേവനെ ദർശിച്ചുകൊണ്ട് ഋഷഭവും തിരുമുറ്റത്ത് ചിങ്ങം രാശിയിൽ കിഴക്കു ദർശനമായി ശ്രീ മഹാഗണപതിയുമുണ്ട്.
ENGLISH SUMMARY:
A solution has been found for the water pollution complaints related to the Thiruvairanikkulam Devi Temple, which attracts thousands during its 10-day temple festival. The issue is being addressed through the intervention of State Human Rights Commission Chairperson Justice Alexander Thomas. With a new treatment plant at the temple set to become operational, the Pollution Control Board and temple authorities have assured the commission of a permanent resolution to the pollution concerns.