വിന്റേജ് മോഹൻലാലിനെ തിരിച്ചു കിട്ടി എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ തുടരും സിനിമയെ പറ്റിയുള്ള ആഘോഷങ്ങൾ. മോഹൻലാലിനൊപ്പം സിനിമയിൽ നിറഞ്ഞു നിന്ന മറ്റൊരു കഥാപാത്രമായ ജോർജ് സാറിനെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തുടരും എന്ന സിനിമയിൽ മോഹൻലാൽ ഒരു അദ്ഭുതമല്ല, ഒരുപാട് തവണ നമ്മൾ കണ്ട് അന്തംവിട്ട അദ്ഭുതമാണ് മോഹൻലാൽ .
എന്നാൽ അത്ഭുതം ഈ മൊതലാണ്, അയാൾ വന്നു കയറിയതു മുതൽ സിനിമ അയാളുടെ കൈയിലാണെന്ന് ഷിബു ഗോപാലകൃഷ്ണൻ എന്ന പ്രേക്ഷകൻ കുറിക്കുന്നു.
അവിടുന്നങ്ങോട്ടാണ് സിനിമ ലെവലുകൾ ഓരോന്നായി ചവിട്ടിക്കയറുന്നത്. വലിഞ്ഞുമുറുകുന്നത്.
അതിനുവേണ്ടി കഥാപാത്രത്തിന്റെ അളവിനും തൂക്കത്തിനും അനുസരിച്ചു ശരീരം കൊണ്ടും ശാരീരം കൊണ്ടും അയാൾ നടത്തിയ ഒരു അഴിഞ്ഞാട്ടമുണ്ട്.
സ്‌ക്രീനിൽ നിന്നും കണ്ണും കാതും എടുക്കാനാവാതെ നമ്മളെ അറസ്റ്റിലാക്കുന്ന അന്യായ അസാധ്യ പെർഫോമൻസ്. എൻ എഫ് വർഗീസിനെ നഷ്ടമായപ്പോൾ മലയാള സിനിമക്ക് നഷ്ടപ്പെട്ട ഒരു അഭിനയ മൂർച്ചയുണ്ട്, ശബ്ദവിന്യാസം കൊണ്ട് കഥാപാത്രം ചങ്കിൽ കയറുന്ന ഒരുതരം കൂർപ്പ്, അതാണ് പ്രകാശ് വർമയുടെ ജോർജ്ജ് സാർ.
എന്നാലും എന്റെ ജോർജ്ജ് സാറെ- ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു സാറെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
അതേസമയം ജോർജ് സാറിനെ അവതരിപ്പിച്ച പുതുഖ നടൻ ആളത്ര നിസാരക്കാരനല്ലെന്നാണ് റിപ്പോർട്ട്. ബംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന നിർവാണ പരസ്യചിത്ര കമ്പനിയുടെ സ്ഥാപകനും സംവിധായകനുമായ പ്രകാശ് വർമ്മയാണ് മോഹൻലാലിനൊപ്പം സ്ക്രീനിൽ നിറഞ്ഞാടിയത്.
ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച വൊഡാഫോൺ സൂസു, ഹച്ച് തുടങ്ങിയ പരസ്യചിത്രങ്ങൾക്ക് പിന്നിൽ പ്രകാശ് വർമ്മയുടെ തലയായിരുന്നു. ഹച്ചിന് വേണ്ടി ചെയ്ത കുട്ടിയും നായക്കുട്ടിയും വോഡഫോണിന് വേണ്ടി ചെയ്ത സൂസു സീരീസും എന്നും ജനപ്രിയ പരസ്യങ്ങളായിരുന്നു.
കാഡ്ബറി, ബിസ്‌ലെറി, ഐഫോൺ, നെറ്റ്‌ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങി ദുബായ് ടൂറിസത്തിന് വേണ്ടി ഷാരൂഖ് ഖാനെ വച്ച് ചെയ്ത പരസ്യചിത്രങ്ങളും ഏറെ പ്രശസ്തമാണ്.
മലയാള സിനിമയിൽ സംവിധാന സഹായിയായും പ്രകാശ് വർമ്മ പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിനെയ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദരരാത്രികളുടെ നിർമ്മാതാവും പ്രകാശ് വർമ്മയായിരുന്നു. 2001ലാണ് ഭാര്യ ഷൈനി ഐപ്പുമായി ചേർന്ന് പരസ്യ നിർമ്മാണ സ്ഥാപനം തുടങ്ങിയത്.