തെങ്ങുകയറാൻ ആളെ കിട്ടാത്തവർക്ക് പുതിയ പദ്ധതിയുമായി നാളികേര വികസന ബോർഡ്. നാളികേര ചങ്ങാതിക്കൂട്ടം എന്ന കാൾ സെന്റർ വഴി വിവിധ സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. തെങ്ങുകയറ്റക്കാരെ കൂടാതെ, മരുന്ന് തളിക്കൽ, രോഗ കീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾക്കും 94471 75999 എന്ന നമ്പറിലേക്ക് വിളിക്കുകയായോ വാട്‌സാപ്പ് ചെയ്യുകയോ ചെയ്താൽ മതി. തെങ്ങുകയറ്റക്കാരെ ലഭിക്കാതെ ബുദ്ധിമുട്ടുന്ന നാളികേര കർഷകർക്ക് സഹായകരമാകും നാളികേര വികസന ബോർഡിന്റെ പുതിയ പദ്ധതി.
നാളികേര വികസന ബോർഡ് ആസ്ഥാനമായ കൊച്ചിയിലാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ 5 വരെ കേരളത്തിൽ എല്ലാ ജില്ലകളിൽ ഉള്ളവർക്കും സേവനം ലഭിക്കും. അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്.
സേവനങ്ങൾക്കുള്ള കൂലി നിശ്ചയിക്കുന്നത് ചങ്ങാതിക്കൂട്ടവും കർഷർകരും തമ്മിലുള്ള ധാരണയിലായിരിക്കും. നാളികേര വികസന ബോർഡിന് ഇതിൽ പങ്കില്ല. വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സേവനം നൽകാൻ തെങ്ങുകയറ്റക്കാർക്ക് ചങ്ങാതി കോൾ സെന്ററിൽ രജിസ്റ്റർ ചെയ്യാം. ഇതിൽ പങ്കാളിത്തമുള്ള തെങ്ങുകയറ്റക്കാർക്ക് പരമാവധി 5 ലക്ഷം രൂപവരെ കേര സംരക്ഷണ ഇൻഷുറൻസും നൽകുന്നുണ്ട്.
Read Also: അടിയന്തിര സാഹചര്യമില്ല ; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ഹർജി തള്ളി സുപ്രീം കോടതി