വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.A second cargo ship will arrive today at Vizhinjam where the trial run is in progress
കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാൻ ഫർണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും ബർത്തിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ സാൻ ഫെർണാണ്ടോ കപ്പൽ തുറമുഖം വിടും.
സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയൽ റണ്ണായതിനാൽ വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകൾ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പൽ വിഴിഞ്ഞത്ത് എത്തിയത്.
ട്രയൽ റണ്ണിനായി വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകൾ എത്തുമ്പോൾ വാനോളം പ്രതീക്ഷകളാണ് ഏവര്‍ക്കും. വിഴിഞ്ഞം കേരളത്തിന്റെയും ഇന്ത്യയുടേയും ഗതിമാറ്റിമറിക്കും.
ഇന്ത്യയിലേക്ക് കപ്പൽ വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്. കൂറ്റൻ ചരക്കുകൾ അവിടെ നിന്ന് ഫീഡർ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴിയുള്ള സമയനഷ്ടവും ധനനഷ്ടവും ഇനി പഴങ്കഥയാവും.
വിഴിഞ്ഞത്ത് മദർഷിപ്പുകൾ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകൾ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്ട്രാ കപ്പൽ ചാലിന് അടുത്ത ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖാമായ വിഴിഞ്ഞം തുറമുഖ സർക്യൂട്ടിലെ നിർണ്ണായക കേന്ദ്രമാകും.
ആദ്യഘട്ട കമ്മീഷൻ പൂർത്തിയാകുന്ന ഈ വർഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂർണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ൽ തീർക്കും. 4 വർഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരളതീരത്തേക്ക് വരുന്നത്.
പക്ഷെ റോഡ്-റെയിൽ കണക്ടീവിറ്റിയാണ് പ്രശ്നം. സ്ഥലമേറ്റെടുക്കൽ കടമ്പ. തുറമുഖം മുന്നിൽ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷൻ ചെയ്ത് 15 ആം വർഷം മുതൽ ലാഭമെന്നാണ് കണക്ക്. വളരെ വൈകിയെങ്കിലും ഒടുവിൽ കപ്പലെത്തുമ്പോൾ ബാക്കി പ്രതിസന്ധികളും മറികടന്നുള്ള കുതിപ്പിനാണ് കാത്തിരിപ്പ്.