പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളിയുടെ എം.എല്‍.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വാങ്ങിയ ബസ് പഴയതെന്ന് പരാതി. A school bus that was old and had a puncture was given the name of new bus
ഷോറൂമില്‍നിന്ന് ലഭിക്കുമ്പോഴെ 2500 കിലോമീറ്ററിലധികം ഓടിയ ബസാണ് സ്‌കൂളിന് നല്‍കിയത്. കഴിഞ്ഞ ജൂണ്‍ 22-നാണ് സ്‌കൂളിന് എം.എല്‍.എ. ബസ് കൈമാറിയത്. 32 സീറ്റുള്ള വാഹനത്തിന് 24 ലക്ഷം രൂപയാണ് വില.
ബസിന്റെ ടയര്‍ കഴിഞ്ഞ ദിവസം പഞ്ചറായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ട്യൂബില്‍ നാല് പഞ്ചര്‍ നേരത്തേ ഒട്ടിച്ചതായി കണ്ടെത്തി. വിശദ പരിശോധനയില്‍ ബോഡിയിലും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുള്ളതായി തെളിഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് എം.എല്‍.എ. ജില്ലാ കളക്ടറെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും ബന്ധപ്പെട്ടു.
ബസ് കമ്പനിയുടെ കാക്കനാട്ടെ യാര്‍ഡിലേക്ക് മാറ്റി. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നാണ് വാഹനത്തിന് ഓര്‍ഡര്‍ നല്‍കുന്നത്.
കളക്ടറുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നത്. ഏറെനാളത്തെ ആവശ്യത്തിന് ശേഷമാണ് എം.എല്‍.എ. സ്‌കൂളിന് ബസ് അനുവദിച്ചത്. ഇതോടൊപ്പം ഇരിങ്ങോള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ബസ് അനുവദിച്ചിരുന്നു.
വാഹന പ്ലാന്റിൽനിന്ന് ബസ് 2200 കിലോമീറ്റർ ഓടിച്ചാണ് കാക്കനാട്ടെ യാർഡിൽ കൊണ്ടുവരുന്നതെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പറഞ്ഞു. കൊണ്ടുവരുന്നതിനിടെ ടയർ പഞ്ചറായത് ഡ്രൈവർ കമ്പനിയിൽ അറിയിച്ചിരുന്നില്ല.
ഏതായാലും മുഴുവൻ പിഴവുകളും തീർത്ത് മൂന്നു കൊല്ലം വാറന്റിയിൽ വാഹനം തരണമെന്ന് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. വാഹനം കമ്പനിയിൽനിന്ന് ഏറ്റുവാങ്ങുമ്പോൾ ബന്ധപ്പെട്ടവർക്ക് ശ്രദ്ധക്കുറവുണ്ടായെന്നാണ് വിലയിരുത്തൽ. ഇക്കാര്യം അന്വേഷിക്കുമെന്നും എം.എൽ.എ. പറഞ്ഞു.