സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ് അടര്‍ന്നു വീണു
തൃശൂര്‍: സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ് അടര്‍ന്നു വീണ് അപകടം. തൃശൂർ കോടാലി ഗവണ്‍മെന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിങ്ങാണ് അടര്‍ന്നുവീണത്.
ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് വര്‍ഷം മുമ്പാണ് ഈ സീലിങ് പണിതത്. കനത്ത മഴയെ തുടർന്ന് സ്‌കൂള്‍ അവധിയായതിനാല്‍ വലിയ അപകടം ആണ് ഒഴിവായത്.
കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയമാണിത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. നിര്‍മാണത്തിലെ അപാകതയാകാം സീലിങ് പൊളിഞ്ഞുവീഴാന്‍ കാരണമെന്നു നാട്ടുകാർ ആരോപിച്ചു.
ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു
തിരുവനന്തപുരം: ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ആണ് അപകടമുണ്ടായത്.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ക്ലാസ്സിലെ സീലിംഗ് ചോരുന്ന കാര്യം നേരെത്തെ വിദ്യാത്ഥികള്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും മാറ്റിയിരുന്നില്ല.
എന്നാൽ വിദ്യാർത്ഥികള്‍ക്കായി മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റ പണി നടത്താതിരുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതിന്‍റെ തൊട്ടുമുമ്പിലേക്കാണ് സീലിങ് തകര്‍ന്നുവീണത്. സീലിങ് തകര്‍ന്നുവീണതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സീലിങിന്‍റെ കൂടുതൽ ഭാഗങ്ങള്‍ അടര്‍ന്നുവീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണു
കോഴിക്കോട്: ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപത്താണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ അഭിഷ്നയെന്ന വിദ്യാർഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.
കോഴിക്കോട് നഗരസഭ സ്ഥാപിച്ച് കരാർ കമ്പനിക്ക് പരിപാലനത്തിനായി ലീസിനു കൊടുത്ത നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഒന്നാണ് തകർന്നു വീണത്.
നടപ്പാതയോരത്തു മൂന്നു തൂണുകളിലായി സ്ഥാപിച്ച ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകളുടെ ചുവടുകൾ ദ്രവിച്ച നിലയിലായിരുന്നു നിന്നിരുന്നത്.
ഇവിടെ പതിച്ച പരസ്യത്തിന്റെ ഫ്ലെക്സ് മാറ്റാൻ പ്രഭു എന്ന തൊഴിലാളി മുകളിൽ കയറിയതിനിടെ കാത്തിരിപ്പു കേന്ദ്രം തകർന്നുവീഴുകയായിരുന്നു.
ഈ സമയം ബസ് കാത്തുനിൽക്കുകയായിരുന്ന അഭിഷ്നയുടെ കാലിൽ ഷെഡിന്റെ ഭാഗം പതിക്കുകയായിരുന്നു. പരസ്യം മാറ്റാനെത്തിയ പ്രഭുവിനും കാലിൽ നേരിയ പരിക്കേറ്റിട്ടുണ്ട്.
അപകട സമയത്ത് നാലോളം പേർ ബസ് കാത്തുനിന്നിരുന്നു എന്നും ഷെഡ് തകരുന്ന ശബ്ദം കേട്ട് മുന്നോട്ട് ഓടിമാറിയ അഭിഷ്നയുടെ കാലിൽ ഷെഡ് പതിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കോളജിനു സമീപത്തു പ്രവർത്തിക്കുന്ന മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ഓടിക്കൂടിയാണ് അഭിഷ്നയെ ഷെഡിനടിയിൽ നിന്ന് നീക്കി ആശുപത്രിയിലേക്ക് എത്തിച്ചത്.
Summary: A portion of the ceiling in the Kodaly Government School auditorium in Thrissur collapsed this morning. Fortunately, no injuries were reported as the hall was not occupied at the time. An inspection has been initiated to ensure safety.