നാടെങ്ങും പെരുമഴയായി. മഴക്കാഴ്ചകളാണ് എങ്ങോട്ടു തിരിഞ്ഞാലും. എത്ര വന്യമായാലും മഴയ്ക്ക് ഒരു സൗന്ദര്യമുണ്ട്. മഴക്കാലത്ത് അത്തരം ഒരുപാട് ചിത്രങ്ങൾ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കോട്ടയം പാലായിൽ നിന്നും പകർത്തിയ ഒരു ചിത്രമാണ് ഇത്. കോട്ടയം പേരൂർ സ്വദേശി മഹേഷ് തന്റെ മൊബൈലിൽ പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ‘ മലദൈവം കിടന്ന് ഉറങ്ങുന്നു’ എന്ന ക്യാപ്ഷനോടെ മഹേഷ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം വൈറലായി. മഴയുടെ പശ്ചാത്തലത്തിൽ വാഗമൺ മലനിരകളെ പാലായിൽ നിന്നും പകർത്തിയിരിക്കുകയാണ് ചിത്രത്തിൽ. ഒന്നുകൂടി നോക്കിയാൽ ഒരാൾ കിടന്നു ഉറങ്ങുന്നത് പോലെയാണ് മലനിരകൾ കാണപ്പെടുന്നത്. ഇതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. യാത്രയ്ക്കിടെ അവിചാരിതമായാണ് ഈ മനോഹര ദൃശ്യം തന്റെ കണ്ണിൽ പെട്ടതെന്ന് മഹേഷ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാഗമണ്ണിലും പരിസരപ്രദേശങ്ങളിലും അഭൂതപൂർവ്വമായ മഴയാണ് ലഭിച്ചത്. കാനായി കുഞ്ഞിരാമന്റെ യക്ഷിയോട് സാദൃശ്യമുള്ള ഈ മൊബൈൽ ചിത്രം വൈറലായിക്കഴിഞ്ഞു.