പാലക്കാട്: സംസ്ഥാനത്തത്തൊട്ടാകെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം വടക്കേവിള പുത്തൻവിളവീട്ടിൽ നജുമുദ്ദീൻ (52) ആണ് അറസ്റ്റിലായത്.
കള്ളൻമാർക്കിടയിൽ ‘പ്രൊഫസർ’എന്ന വിളിപ്പേരുള്ള നജുമുദ്ദീൻ വടക്കഞ്ചേരി ടൗണിലെ ഒരു വീട്ടിൽ മോഷണവും രണ്ട് ക്ഷേത്രങ്ങളിൽ മോഷണ ശ്രമവും നടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.
ജൂൺ 15-ന് വടക്കഞ്ചേരി വിനായക സ്ട്രീറ്റിൽ ഉഷാദേവിയുടെ വീട്ടിൽനിന്ന് പണവും വാച്ചും കവർന്നതിനും ഗണപതി-മാരിയമ്മൻ ക്ഷേത്രങ്ങളിൽ മോഷണശ്രമം നടത്തിയതിനുമാണ് ഇയാൾക്കെതിരെയുള്ള കേസ്.
ഇയാൾ ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോട്ടയത്ത് നിന്നും നജുമുദ്ദീൻ കുടുങ്ങുകയായിരുന്നു.
വിവിധ ജില്ലകളിലായി അൻപതോളം മോഷണക്കേസുകളിൽ പ്രതിയാണ് നജുമുദ്ദീൻ. ഒറ്റപ്പാലത്തെ വീട്ടിൽനിന്ന് എട്ടരപ്പവൻ കവർന്നതും ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
മോഷണം നടത്തുന്നതിന് പ്രതി പ്രധാനമായും ഉപയോഗിക്കുന്നത് സ്‌ക്രൂഡ്രൈവറാണ്. ഇതുപയോഗിച്ച് വിദഗ്ധമായി പൂട്ടുതകർത്ത് അകത്ത് കടക്കുകയും മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, എസ്.ഐ. സി. മധു ബാലകൃഷ്ണൻ, സീനിയർ സിപിഒ ബ്ലസൺ ജോസ്, സിപിഒമാരായ റിനു മോഹൻ, അഭിജിത്ത്, സ്‌ക്വാഡംഗം കൃഷ്ണദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ENGLISH SUMMARY:
A notorious thief involved in nearly 50 theft cases across Kerala has been arrested. Najmuddin (52), a resident of Puthenvila Veedu in Vadakkevila, Kollam, was taken into custody. Known among thieves by the nickname “Professor,” Najmuddin was arrested in connection with a house burglary in Vadakkenchery town and attempted thefts at two temples.