മുല്ലാൻപൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം സീസൺ പുരോഗമിക്കുമ്പോൾ ഏറ്റവും ശ്രദ്ധ നേടുന്ന യുവതാരമാണ് അഷുതോഷ് ശർമ. ഫിനിഷർ റോളിൽ ബാറ്റ് ചെയ്യാനെത്തുന്ന താരം വമ്പനടി നടത്തി എല്ലാവരേയും ഞെട്ടിപ്പിക്കുകയാണ്. ബൗണ്ടറികളെക്കാൾ കൂടുതൽ സിക്‌സറുകൾ പറത്തും. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാനറിയാം. അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് അഷുതോഷിന്.
മുംബൈ ഇന്ത്യൻസിനെതിരേ ഗംഭീര ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 193 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിനായി 28 പന്തിൽ 61 റൺസാണ് നേടിയത്. 2 ഫോറും 7 സിക്‌സും ഉൾപ്പെടെ 217.85 സ്‌ട്രൈക്ക് റേറ്റിലാണ് കസറിയത്. ഇപ്പോൾ സൂപ്പർ സ്റ്റാർ ആണെങ്കിലും ആരാണ് അഷുതോഷ് എന്ന് പലർക്കും അറിയില്ല. മുമ്പ് അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുമില്ല. പക്ഷേ ആളൊരു പോരാളിയാണെന്ന് എല്ലാവർക്കും അറിയാം. ആഭ്യന്തര ക്രിക്കറ്റിൽ പോരാട്ടം നടത്തിയാണ് ഇന്ന് ഐപിഎല്ലിലെ അത്ഭുത താരമായത്. എട്ടാം നമ്പറിൽ ബാറ്റു ചെയ്താണ് തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത്. നാല് മത്സരത്തിൽ നിന്ന് 156 റൺസാണ് അഷുതോഷ് നേടിയത്. 205ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടി20 ലോകകപ്പ് പടിവാതുക്കൽ നിൽക്കവെ അഷുതോഷിന്റെ പ്രകടനം സെലക്ടർമാരേയും ഞെട്ടിച്ചിരിക്കുകയാണ്.
11 പന്തിൽ അർധ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് അഷുതോഷ്. ഇതേ മികവ് ഐപിഎല്ലിലും താരം തുടരുകയാണ്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാവുന്ന താരമാണ് അഷുതോഷെന്ന് നിസംശയം പറയാം. നിലവിൽ ഫിനിഷർമാരായി ശിവം ദുബെ, റിങ്കു സിങ് എന്നിവരെയാണ് ടി20 ലോകകപ്പിലേക്ക് പരിഗണിക്കാൻ സാധ്യത. എന്നാൽ ഇവരുടെ ബാക്കപ്പായി ഇന്ത്യക്ക് അഷുതോഷിനെ പരിഗണിക്കാവുന്നതാണ്. കുറഞ്ഞ പന്തുകൾക്കൊണ്ട് ഇംപാക്ട് സൃഷ്ടിക്കാൻ ശേഷിയുള്ള താരമാണ് അഷുതോഷ്. മുംബൈയുടെ ജസ്പ്രീത് ബുംറയെപ്പോലും അനായാസം സിക്‌സർ പറത്താൻ അഷുതോഷിന് സാധിച്ചു എന്നതും പ്രത്യേകതയാണ്.
മധ്യപ്രദേശിലെ രത്‌ലത്തിൽ നിന്നാണ് അഷുതോഷ് വരുന്നത്. ക്രിക്കറ്റുമായി പുലബന്ധമില്ലാത്ത സ്ഥലം. സുഹൃത്ത് വഴിയാണ് ക്രിക്കറ്റ് കോച്ചിംഗിലേക്ക് വന്നത്. തുടർന്ന് ഇൻഡോറിലേക്ക് ക്രിക്കറ്റ് കളിക്കായി മാത്രം താമസം മാറുകയായിരുന്നു അഷുതോഷ്. മഹേന്ദ്ര സിംഗ് ധോണിയുടെ കടുത്ത ആരാധകൻ കൂടിയാണ്. ഇതേ ഫോമിൽ കളിച്ചാൽ അഷുതോഷിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. റിങ്കു സിങ് പഴയ മികവ് കാട്ടുന്നില്ല. ഈ സീസണിലെ താരത്തിന്റെ പ്രകടനം പരിശോധിക്കുമ്പോൾ ശരാശരിക്കും താഴെയാണ്. 6 മത്സരത്തിൽ നിന്ന് വെറും 83 റൺസാണ് റിങ്കു നേടിയത്. ഇടം കൈയൻ താരം ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സർ പായിച്ച് ടീമിനെ ജയിപ്പിച്ചിട്ടുള്ള കളിക്കാരനാണ്. എന്നാൽ നിലവിൽ ആ ഫോം നിലനിർത്തി കളിക്കാൻ റിങ്കുവിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റൊരു ഫിനിഷറെക്കുറിച്ച് ഇന്ത്യ ചിന്തിച്ചാലും അതിൽ അത്ഭുതമില്ല.