മലയാളി കുടുംബം ബംഗളൂരു നഗരത്തിൽ നടുറോഡിൽ ആക്രമിക്കപ്പെട്ടു. കാറിൽ സഞ്ചരിക്കുകയായിരുന്ന കസവനഹള്ളിയിൽ ചൂഢസാന്ദ്രയിൽ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. A Malayali family was attacked in the middle of the road in Bengaluru city
അമൃത കോളജിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് സംഭവസ്ഥലത്തെത്തി. അനൂപിന്റെയും ഭാര്യ ജിസിന്റെയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
ആക്രമണത്തിൽ അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു. പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഐ.ടി കമ്പനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ ജിസും മക്കൾ സെലസ്റ്റെ (11), മകൻ സ്റ്റിവ് (അഞ്ച്) എന്നിവരുമായി ഷോപ്പിങ് നടത്തി മടങ്ങവെ താമസസ്ഥലത്തിന് രണ്ടു കിലോമീറ്റർ അകലെയാണ് അക്രമം ഉണ്ടായത്.
ചൂഢസാന്ദ്രയിലെ മെയിൻ റോഡിൽനിന്ന് രണ്ടു കിലോമീറ്റർ പഞ്ചായത്ത് റോഡിലേക്ക് തിരിഞ്ഞപ്പോൾ ബൈക്കിൽ പിന്നാലെയെത്തിയ രണ്ടുപേർ മുന്നിലുണ്ടായിരുന്ന ബലേനോ കാർ തടഞ്ഞുനിർത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഡ്രൈവർ തയാറായില്ല.
അക്രമികൾ കല്ലെടുക്കാൻ കുനിഞ്ഞപ്പോൾ ബലേനോ കാർ അതിവേഗം ഓടിച്ചു രക്ഷപ്പെട്ടു. ഇതോടെ കല്ലുമായി അക്രമികൾ പിന്നിലുണ്ടായിരുന്ന അനൂപിന്റെ കാറിനു നേരെ വന്നു. ഇതോടെ അപകടം മണത്ത അനൂപ് ഭാര്യയോട് മൊബൈൽ ഫോണിൽ വിഡിയോ പകർത്താൻ നിർദേശിച്ചു.
അക്രമികൾ ഡ്രൈവർ സീറ്റിനരികിലെത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ കുടുംബം കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ അക്രമികളിലൊരാൾ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലെറിയുകയായിരുന്നു.
ഗ്ലാസ് കഷണങ്ങൾ തലയിലും ദേഹത്തും തറച്ചാണ് കുഞ്ഞിന് പരിക്കേറ്റത്. കസവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്റ്റീവിന് തലയിൽ മൂന്ന് തുന്നലുണ്ട്. സംഭവസ്ഥലത്ത് വെളിച്ചമുണ്ടായിരുന്നെന്നും അക്രമം നടക്കുമ്പോൾ സമീപത്തെ കടയിലുള്ളവരടക്കം നാട്ടുകാർ നോക്കിനിൽക്കുകയായിരുന്നെന്നും അനൂപ് പറഞ്ഞു.