ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. ഈ സമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചതോടെ, ഡ്രൈവർ ബസ്സ് ദേശീയപാതയിൽ നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതരാക്കി.
ബസ്സിലെ മൊബൈൽ സോക്കറ്റിൽ നിന്ന് തീ പടർന്നു പിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ അന്വേഷണം ആരംഭിച്ചു.
ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു
തൃശൂർ: തട്ടുകടയിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന് കടയ്ക്ക് തീപിടിച്ചു. തൃശൂർ കണിമംഗലം പാലത്തിന് സമീപമുള്ള തട്ടുകടയിലാണ് സംഭവം.
വൈകീട്ട് 7.30 ഓടുകൂടിയായിരുന്നു അപകടം നടന്നത്. ഈ സമയം ഔദ്യോഗിക ആവശ്യത്തിനായി കണിമംഗലം പാലം വഴി യാത്ര ചെയ്യുകയായിരുന്ന റവന്യൂ മന്ത്രി കെ. രാജൻ അടിയന്തരമായി സംഭവസ്ഥലത്ത് എത്തി.
പിന്നാലെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ക്രിയാത്മകമായി ഏകോപിപ്പിക്കുകയും ചെയ്തു.
തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തത്തിന് കാരണമായ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തെത്തിച്ച് മൂലം വൻ അപകടം ആണ് ഒഴിവായത്. അപകടത്തിൽ ആളപായമില്ല.
Summary: A KSRTC Swift bus caught fire near Attingal private bus stand around 4:30 PM today. The bus, which was traveling from Thiruvananthapuram to Kollam, was engulfed in flames, creating panic among passengers.









