വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിനെ അനുകൂലിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. ഹർത്താൽ നടത്തേണ്ട സാഹചര്യമാണെന്നും ഹർത്താലിനെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം ഉണ്ടായിട്ടില്ല. എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജി ആവശ്യം രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ കാട്ടാന ആക്രമണത്തിൽ മരിച്ച വനംവകുപ്പ് ജീവനക്കാരൻ പോളിന് ചികിത്സ ലഭ്യമായില്ലെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വിദഗ്ധ ചികിത്സ നൽകാനുള്ള എല്ലാ ശ്രമവും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും. വനംവകുപ്പ് കുടുംബത്തിലെ അംഗത്തെ ആണ് നഷ്ടമായത്. പോളിന് വിദഗ്ധ ചികിത്സ നൽകി എന്നാണ് പ്രാഥമിക റിപ്പോർട്ട്. ചികിത്സ വൈകിയെന്ന പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ അടുത്തയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരും. മന്ത്രിതല സംഘം വയനാട്ടിലേക്ക് പോകും. റവന്യൂമന്ത്രിയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ഒപ്പമുണ്ടാകും. ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിജയിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
Read Also: ബേലൂർ മഗ്ന ജനവാസ മേഖലയിൽ; ദൗത്യം തുടരുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം