ഓൺലൈൻ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ല
പാലക്കാട്: ഓൺലൈൻ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. ഈ മാസം 13 മുതലാണ് ഇവരെ കാണാതായത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച ശേഷം ഇവരിൽ നിന്ന് 11 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് വീട്ടമ്മയെ കബളിപ്പിച്ചത്.
തട്ടിപ്പിന് ഇരയായ പ്രേമ തന്റെ സ്വർണാഭരണങ്ങൾ പണയം വെച്ച് ഇവർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയൽവാസിയുടെ സഹായത്തോടെ പണം നിക്ഷേപിക്കുകയായിരുന്നു. സെപ്‌റ്റംബർ രണ്ടിനാണ് 11 ലക്ഷം രൂപ നിക്ഷേപ്പിച്ചത്. പിന്നീട് ഈ മാസം 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയം തോന്നുകയും തട്ടിപ്പാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയിൽ കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറിലേക്കുൾപ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് പ്രേമയെ കാണാതായത് എന്നാണ് പരാതിയിൽ പറയുന്നത്.
അന്വേഷണത്തിൽ 13 ന് അർദ്ധരാത്രിയോടെ പ്രേമ നടന്നു പോകുന്നതിൻ്റെ സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 14-ന് പുലർച്ചെ കടമ്പഴിപ്പുറത്തുനിന്ന് ഗുരുവായൂർക്കുള്ള ബസിൽ ഇവർ കയറിയതായും സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരുൾപ്പെടെ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വീടുവിട്ടിറങ്ങുമ്പോൾ ഇളംപച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള ചുരിദാറാണ് പ്രേമ ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9048412976 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
സമ്മർദ്ദം സഹിക്കാനായില്ല; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി ലക്ഷങ്ങൾ നഷ്ടമായ വനിതാ ഡോക്ടർ ഹൃദയാഘാതംമൂലം മരിച്ചു
ഹൈദരാബാദിൽ നടുങ്ങിക്കുന്ന സൈബർ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായ വനിതാ ഡോക്ടർ തുടർച്ചയായ സമ്മർദം സഹിക്കാനാകാതെ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.
സർക്കാർ ആശുപത്രിയിലെ മുൻ ചീഫ് റസിഡന്റ് മെഡിക്കൽ ഓഫീസറായിരുന്ന ഇവരെ സെപ്റ്റംബർ 5 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ തട്ടിപ്പുകാർ നിരന്തരം വിളിച്ചു. ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന മെസേജിങ് ആപ്പിലൂടെ ബന്ധപ്പെടുകയായിരുന്നു.
ഡോക്ടറെ മനുഷ്യക്കടത്ത് കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് വ്യാജ എഫ്ഐആർ കാണിച്ച തട്ടിപ്പുകാർ തുടർന്ന് വീഡിയോ കോൾ വഴിയും ബന്ധപ്പെട്ടു. വ്യാജ അറസ്റ്റ് വാറന്റ് കാട്ടിയാണ് 6.60 ലക്ഷം രൂപ കൈക്കലാക്കിയത്.
തുടർച്ചയായ വിളികളും ഭീഷണികളും മൂലം കടുത്ത മാനസിക സമ്മർദത്തിലായ ഡോക്ടർ ഒടുവിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.
മരണശേഷം ഇവരുടെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച കുടുംബാംഗങ്ങളാണ് സൈബർ തട്ടിപ്പിന്റെ വിവരം പൊലീസിൽ അറിയിച്ചത്. അമ്മ മരിച്ച ശേഷവും തട്ടിപ്പുകാർ മെസേജുകൾ അയച്ചിരുന്നുവെന്ന് മകൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്. “ഇത്തരം ‘ഡിജിറ്റൽ അറസ്റ്റ്’ ഇല്ല. ജനങ്ങൾ ഇത്തരം വിളികളിൽ ജാഗ്രത പാലിക്കണം” എന്ന മുന്നറിയിപ്പും പൊലീസ് നൽകി.
Summary: A housewife from Palakkad, identified as Prema from Kadampazhipuram, has gone missing after reportedly falling victim to an online scam. She has been missing since the 13th of this month.