പെരുമ്പാവൂർ: പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ബൈക്ക് യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പാഞ്ഞെത്തിയ കാട്ടാനകൂട്ടം ബൈക്ക് തകർത്തു. 17 കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണതിനെ തുടർന്ന് കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കിണറ്റിൽ വീണ ആനയെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കിണറിടിച്ച് പുറത്തുകടത്തി, കാട്ടിലേക്ക് തുരത്തുകയായിരുന്നു. വനംവകുപ്പിൻ്റെ ഔദ്യോഗിക വാഹനത്തിന് നേരെയും ആനക്കൂട്ടം പരാക്രമം കാട്ടി.
ആന ഇറങ്ങിയത് അറിയാതെ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മേയ്ക്കാപ്പാല സ്വദേശി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടിയാന സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണതിനെത്തുടർന്നാണ് കാട്ടാനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത്.
കുട്ടിയാനയെ രക്ഷിക്കാനായി വലിയ ശ്രമങ്ങൾ തന്നെ വേണ്ടിവന്നു. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാനക്കൂട്ടം വനംവകുപ്പ് ജീവനക്കാർക്കുനേരെയും നാട്ടുകാർക്കുനേരെയും തിരിയുകയായിരുന്നു. വനംവകുപ്പിന്റെ വാഹനം മറിച്ചിടാനും ആന ശ്രമിച്ചു.
കാട്ടാനക്കൂട്ടം മേഖലയിൽ തുടർന്നത് പ്രദേശവാസികളെയാകെ ഭീതിയിലാക്കി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കിണർ ഇടിച്ചാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. കുട്ടിയാനയെ പുറത്തെത്തിച്ച ശേഷം കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റി വിട്ടു.

ഏകദേശം ഒരു മണിക്കൂറോളമാണ് മേയ്ക്കപ്പാലഗ്രാമവാസികളെ കാട്ടാനകൾ മുൾമുനയിൽ നിർത്തിയത്. ഈ മേഖലയിൽ നിരവധി തവണ കാട്ടാന ആക്രമണം നടന്നെങ്കിലും വനംവകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
മിക്ക ദിവസങ്ങളിലും ആനകൾ ഈ ഭാഗത്തു ജനവാസ മേഖലയിൽ എത്താറുണ്ട്. പാണിയേലി, മേയ്ക്കപ്പാല, തൊടാക്കയം തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ ആനകൾ വരുന്നത്.
വേനൽക്കാലത്ത് 40 ആനകളുടെ കൂട്ടം വരെ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയിട്ടുണ്ട്. പാട്ട കൊട്ടിയും തീയിട്ടു വെളിച്ചമുണ്ടാക്കിയും ഒക്കെയാണ് നാട്ടുകാർ ആനകളെ തുരത്തുന്നത്. കൃഷി നശിപ്പിക്കലാണ് ആനകൾ ചെയ്യുന്നത്.