ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേർക്ക് പരുക്കേറ്റു. പെറുവിൽ ഒരു പ്രാദേശിക കളിക്കിടെ ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. A heavy thunderstorm during a football match,
One died
യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22–ാം മിനിറ്റിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കനത്ത മഴയും കാറ്റും നിമിത്തം മത്സരം നിർത്തിവച്ചതിനാൽ താരങ്ങൾ ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. മിന്നലേറ്റ് താരങ്ങൾ കൂട്ടത്തോടെ മുഖമിടിച്ച് ഗ്രൗണ്ടിൽ പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിരോധനിര താരമായ ഹ്യൂഗോ ഡി ലാ ക്രൂസ് എന്ന മുപ്പത്തൊൻപതുകാരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.