മലയാളത്തിന്റെ അക്ഷരസുകൃതത്തിന് ഇന്ന് നവതി. മലയാളക്കരയുടെ നന്മയും നവോന്മേഷവും വിളിച്ചോതിയ സാഹിത്യകാരന്റെ കഥകളും കഥാപാത്രങ്ങളും, ഭാഷയും സാഹിത്യവും ഉള്ളിടത്തോളം നിലനില്‍ക്കും. ‘കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്’ എന്നാണ് എം ടിയുടെ പക്ഷം. എത്രയോ കഥാപാത്രങ്ങളിലൂടെ പ്രണയവും നൊമ്പരവുമെല്ലാം എം ടി നമ്മളിലേക്ക് കവിതയായ് പകര്‍ത്തി. അത്രമേല്‍ ആര്‍ദ്രമായ പ്രണയവും അടങ്ങാത്ത ആനന്ദവും ദുഃഖവും നൊമ്പരങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ജൈവികമാക്കി. മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ കഥകളിലൂടെയും, നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് എം ടി സന്നിവേശിപ്പിച്ചു. നമ്മുടെ സ്വകാര്യതകളില്‍ താലോലിച്ച സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എം ടി യുടെ കഥാപാത്രങ്ങളില്‍ വന്ന് നിറയാറുണ്ട്.
മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായരെ ചുരുക്കിപ്പറഞ്ഞാല്‍ മലയാളത്തിന്റെ അക്ഷര സുകൃതമെന്നു വിശേഷിപ്പിക്കാം, പരത്തിപ്പറഞ്ഞാല്‍ പാരാവാരത്തോളം പറയാനുണ്ടാകും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ്. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലിക അവിരാമം ചലിക്കുകയാണ്.
വിമല, സേതു, സുമിത്ര, ഗ്ലോറി , തങ്കമണി, സുധാകരന്‍, ജാനമ്മ, അനിയന്‍, ഭാഗി തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങള്‍. നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി എത്രയെത്ര അനശ്വര സൃഷ്ടികള്‍. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എം ടിയുണ്ടായിരുന്നു. വള്ളുവനാടന്‍ ഭാഷയുടെ കഥാകാരന്‍ കൂടിയാണ് അദ്ദേഹം. സാഹിത്യത്തിലും സിനിമയിലും അതിനെ അനശ്വരമായി പ്രതിഷ്ഠിച്ചത് എം ടിയാണ്. കൂടല്ലൂരും കണ്ണാന്തളിപ്പൂക്കളും നിളയും വള്ളുവനാട്ടിലെ മനുഷ്യരും എം ടിയുടെ കഥകളിലൂടെ മലയാളികള്‍ക്കാകെ പരിചിതമായി.
1933 ജൂലൈ 15ന് (1108 കര്‍ക്കിടകം 25 ഉത്രട്ടാതി) കൂടല്ലൂരിലാണ് എം ടിയുടെ ജനനം. അച്ഛന്‍ ടി നാരായണന്‍ നായര്‍, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി. ‘പാതിരാവും പകല്‍വെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ടാ’ണ് (1954). അക്കാലത്തെ കേരളീയ നായര്‍ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ തന്നെ.
എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് മലയാളിക്ക് എം ടി വാസുദേവന്‍ നായര്‍. ആ തൂലികയില്‍ നിന്നിറങ്ങി മലയാളിമനസുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങള്‍, അവരുടെ വികാരവിക്ഷോഭങ്ങള്‍, വായിച്ചു തീരുമ്പോഴും ബാക്കിയാവുന്ന അവരുടെ ജീവിതം. എം ടി മലയാളത്തിന്റെ പുണ്യമാണ്.