ചിങ്ങവനം: ഭാര്യ മരിച്ച് ഒരു ദിവസം തികയും മുമ്പേ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ അനിൽ ചെറിയാനെ (40)യാണ് യു.കെയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.A day after the death of the wife, the husband was also found dead
അവധികഴിഞ്ഞ് നാട്ടിൽനിന്നും യുകെയിലെത്തിയതായിരുന്നു അനിലും ഭാര്യ സോണിയയും.
തിരികെ എത്തി മണിക്കൂറുകൾക്കകം താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് സോണിയ മരിച്ചത്. ഇതിന് പിന്നാലെയാണ് അനിലിൻ്റെ മരണം.
ഭാര്യ മരിച്ചതിൻ്റെ മാനസീക വിഷമത്തിലായിരുന്നു അനിൽ. ഞാൻ പോകുന്നു എന്ന് സുഹൃത്തിന് മെസേജ് അയച്ചിരുന്നതായാണ് വിവരം.
സോണിയ റെഡ്ഡിച്ച് വേസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അനിലിൻ്റേയും സോണിയയുടേയും പ്രണയവിവാഹമായിരുന്നു.
നാട്ടിൽനിന്നും ഞായറാഴ്ച രാവിലെ 10.30ന് യുകെയിലെ താമസസ്ഥലത്ത് എത്തിയ സോണിയ ഡൂട്ടിക്ക് പോകുവാനായി കുളിക്കുന്നതിന് ബാത്ത് റൂമിലേക്ക് പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടു വർഷം മുമ്പാണ് സോണിയ യു കെയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഭർത്താവ് അനിലും മക്കളും യു കെയിലെത്തി.
17 ദിവസങ്ങൾക്ക് മുമ്പാണ് ഇവർ കുടുംബസമേതം അവധിക്ക് നാട്ടിലെത്തിയത്. നാട്ടിലുള്ള സ്വത്തുവകകൾ വിൽപ്പന നടത്തിയ ശേഷമാണ് അനിലും കുടുംബവും യു.കെയിലേക്ക് കുടിയേറിയത്.
സോണിയയുടെ സഹോദരിയും കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരിയുടെ കുട്ടിയും സോണിയയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.
നേരത്തേ യുകെയിൽ താമസസ്ഥലത്ത് ഉണ്ടായ വീഴ്ചയിൽ സോണിയയുടെ കാലിനു പരിക്കേറ്റിരുന്നു.
നാട്ടിലെത്തി സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടർന്നാണ് യുകെയിലേക്ക് യാത്ര തിരിച്ചത്. മക്കൾ: ലിയ അനിൽ, ലൂയിസ് അനിൽ.