ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളിയില്‍ ആയിരുന്നു സംഭവം നടന്നത്. ഞായറാഴ്ച രാത്രിയിലാണ് സഞ്ചരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചത്.
പായിപ്ര സൊസൈറ്റി പടി സ്വദേശി എല്‍ദോസിന്റെ കാറിനാണ് തീപിടിച്ചത്. ഇയാൾ മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തെയ്ക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാഹനത്തിന് തീപിടിച്ചത്.
പുക ഉയരുന്നത് കണ്ട ഉടൻ തന്നെ എല്‍ദോസ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിന് പിന്നാലെ മൂവാറ്റുപുഴ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.
വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. തീപിടുത്തതിന്റെ കാരണം അവ്യക്തമാണ്.
ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വർക് ഷോപ്പിലേക്ക് പോകവേ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചത്.
അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം. അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല.
ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ച രാജന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ നൽകാനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
വൈദ്യുത ബസിന് തീപിടിച്ചു; 21 യാത്രക്കാർക്ക് പരിക്ക്
കോയമ്പത്തൂര്‍: സ്വകാര്യ വൈദ്യുത ബസിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് 21 പേര്‍ക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് 24 യാത്രക്കാരുമായി വന്ന ബസിനാണ് തീപ്പിടിച്ചത്. കരുമത്തംപട്ടിക്ക് സമീപത്തു വെച്ചാണ് അപകടം.
ശനിയാഴ്ച രാത്രിയില്‍ യാത്ര തിരിച്ച ബസിനു ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തീപിടിക്കുകയായിരുന്നു. കരുമത്തംപട്ടിയില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിലാണ് ബസിനു തീപിടിച്ചത്.
അപകട സമയത്ത് അതുവഴി വന്ന ലോറി ഡ്രൈവര്‍മാരായ വിരുദുനഗര്‍ തിരുച്ചുളി സ്വദേശികളായ സി. ശബരിമല (29), എം. രമേശ് (29) എന്നിവര്‍ ചേർന്ന് ബസിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും യാത്രികരെ രക്ഷപ്പെടുത്തുകയും ചെയ്തു.
മറ്റു വഴിയാത്രക്കാര്‍ കൂടി ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെ പരിക്കുകളും ഗുരുതരമല്ല.
തീ പിന്നീട് ആളിപ്പടര്‍ന്നു. പിന്നാലെ സൂളൂരില്‍ നിന്നും കരുമത്തംപട്ടിയില്‍ നിന്നും എത്തിയ അഗ്നിശമനസേന തീയണച്ചു. സംഭവത്തിൽ കരുമത്തംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം-കുമളി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു
കോട്ടയം – കുമിളി റോഡിൽ പെരുവന്താനം ചുഴിപ്പിൽ ഓടിക്കൊണ്ടിരുന്ന എസ്. യു.വി. കാറിന് തീ പിടിച്ചു. തുടർന്ന് പീരുമേട് അഗ്നി രക്ഷാ നിലയത്തിൽ നിന്ന് എത്തിയ സംഘം തീ നിയന്ത്രണ വിധേയമാക്കി.
കാർ നടുറോഡിൽ നിന്നു കത്തിയതോടെ ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശികളാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
English Summary:
A car caught fire while in motion at Vazhappilly on the Muvattupuzha–Perumbavoor MC Road. The incident occurred on Sunday night. The car, owned by Eldose, a resident of Payipra Societypadi, caught fire unexpectedly while he was travelling from Muvattupuzha towards Perumbavoor.









