തിരുവനന്തപുരം: നവകേരള ബസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാമോ? മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച ബസ് വലിയ കോലാഹലങ്ങൾക്കാണ് വഴിയൊരുക്കിയത്.മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ അപ്പാടെ കേരളപര്യടനം നടത്തിയ വാഹനം എന്ന നിലയിൽ ബസിന്റെ മൂല്യം ഉയരുമെന്നായിരുന്നു സിപിഎം നേതാക്കളുടെ അവകാശവാദം. എന്നാൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ പാപ്പനംകോട് സെൻട്രൽ വർക്സിൽ വെറുതെ കിടക്കുകയാണ് നവകേരള ബസ്. വാഹനത്തിൽ കയറാനും ഇറങ്ങാനും ലിഫ്റ്റ് സംവിധാനം ഉൾപ്പെടെയുള്ള ബസ് നവകേരള യാത്ര അവസാനിച്ചതിന് പിന്നാലെ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. അരലക്ഷംരൂപ വിലവരുന്ന സീറ്റാണ് മുഖ്യമന്ത്രിക്കായി ബസിൽ സ്ഥാപിച്ചിരുന്നത്. ഇത് നീക്കം ചെയ്തു. ഭാവിയിലെ വി.ഐ.പി. യാത്രയ്ക്കുവേണ്ടി സീറ്റ് സൂക്ഷിക്കും. മന്ത്രിമാർക്ക് യാത്രചെയ്യാൻ സജ്ജീകരിച്ച ബസിൽ യാത്രക്കാരുടെ ലഗേജ് വെക്കാൻ ഇടമില്ലായിരുന്നു. സീറ്റുകൾ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കി. അതേസമയം, ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. ഒന്നരലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്.
എ.സി, ലിഫ്റ്റ്, അരലക്ഷം രൂപയുടെ സീറ്റ്, ഒലക്കേടെ മൂട്; ഒടുവിൽ നവകേരള ബസ് ശവമായി; ആരും തിരിഞ്ഞുനോക്കാനില്ലാതെ ആർക്കും വേണ്ടാതെ, വെറുതെ കിടക്കുകയാണ് നവകേരള- ഇരട്ട ചങ്കൻ ബസ്
മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് യാത്രയ്ക്കുശേഷം പുതുക്കിപ്പണിയുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് കൈമാറിയിരുന്നു.കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ബസ് കൈമാറിയത്. വിനോദയാത്രകൾക്ക് ഉപയോഗിക്കാൻ പാകത്തിൽ മാറ്റംവരുത്തിയ ബസ്, ഒരുമാസംമുമ്പാണ് തിരികെ എത്തിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ ടൂറിസം ആവശ്യങ്ങൾക്കായി മാറ്റംവരുത്തുന്നതിന് വേണ്ടിയായിരുന്നു ക്രമീകരണം. ചെലവുകുറഞ്ഞ വിനോദസഞ്ചാര യാത്രകളിലൂടെ ശ്രദ്ധേയമായ കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും നടപ്പിലായിട്ടില്ല. വേനൽക്കാലമായതിനാൽ ബജറ്റ് ടൂറിസത്തിന് യാത്രക്കാർ ഏറെയുണ്ട്. ആവശ്യത്തിന് ബസില്ലാത്തതാണ് പ്രധാന തടസ്സം. എ.സി.യുള്ള നവകേരള ബസിന് ഏറെ ആവശ്യക്കാരുണ്ട്. എന്നിട്ടും ബസ് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത് ഉന്നതതലത്തിലെ താത്പര്യക്കുറവ് കാരണമാണെന്ന് ആക്ഷേപമുണ്ട്.
ഇതിനിടെ ഗതാഗതമന്ത്രി മാറിയതോടെ ബസിന്റെ കാര്യത്തിൽ താത്പര്യംകുറഞ്ഞു. നിർമാണ പുരോഗതി വിലയിരുത്താൻ കെ.എസ്.ആർ.ടി.സി.യുടെ ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും ഉന്നതതലത്തിലെ അനിഷ്ടം കാരണം തടസ്സപ്പെട്ടു. മൂന്നുമാസത്തോളം ബസ് ബെംഗളൂരുവിൽ അനാഥമായി കിടന്നു. ഇത് പരാതിക്ക് ഇടയാക്കിയതോടെയാണ് കെ.എസ്.ആർ.ടി.സി. ബസ് വീണ്ടും ഏറ്റെടുത്തത്.