ഇടുക്കി മറയൂരിൽ 14 കാരിയെ തട്ടിക്കൊണ്ടുപോയ ബംഗ്ലാദേശ് പൗരനെ അറസ്റ്റ് ചെയ്തു. മൂഷ്താഖ് അഹമ്മദ് (25) എന്ന യുവാവാണ് പെൺകുട്ടിയുമായി കടന്നുകളഞ്ഞത്. മറയൂരിൽ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാൾ സ്വദേശിയുടെ മകളെയാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ പിതാവുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇയാൾ ഫെബ്രുവരി മാസം ടൂറിസ്റ്റ് വിസയിൽ കേരളത്തിൽ എത്തി പെൺകുട്ടിയുടെ പിതാവിന്റെ സഹായത്താൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. അതിന് ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചു പോവുകയാണെന്ന് പറഞ്ഞെങ്കിലും ഇയാൾ പോയില്ല. തമിഴ്നാട്ടിൽ തങ്ങിയ ഇയാൾ പിന്നീട് പെൺകുട്ടിയുമായി പിതാവറിയാതെ ചാറ്റിങ് നടത്തി സൗഹൃദത്തിലാവുകയും ഒരാഴ്ച മുൻപ് മറയൂരിൽ എത്തി പെൺകുട്ടിയുമായി കടന്നു കളയുകയുമായിരുന്നു. സിലിഗിരിയിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്. ഇയാളെയും പെൺകുട്ടിയെയും പശ്ചിമ ബംഗാളിൽ നിന്നും മറയൂരിൽ എത്തിച്ചു.
കുട്ടിയെ കാണാതായതോടെ പരിഭ്രമിച്ച വീട്ടുകാർ ഒരാഴ്ചയായി വീട്ടിൽ താമസിച്ചിരുന്ന ബന്ധുവായ യുവാവിനെയാണ് ആദ്യം സംശയിച്ചത് . ഈ ദിവസങ്ങളിൽ അയാളെയും കാണാതായിരുന്നു. ഇയാൾ തങ്ങളുടെ മകളെ കടത്തിക്കൊണ്ടു പോയതായിരിക്കാം എന്നുള്ള നിഗമനത്തിൽ മാതാപിതാക്കൾ മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിക്കൊണ്ട് പോകലിന് പിന്നിൽ ബംഗ്ലാദേശ് പൗരനാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
28-ന് പെൺകുട്ടിയുമായി കറങ്ങിനടക്കുന്ന യുവാവിനെ കണ്ട സന്നദ്ധസംഘടനയിലെ അംഗങ്ങൾ ഇവരെ തടഞ്ഞുവെച്ച് സിലിഗുഡി പോലീസിൽ ഏൽപ്പിച്ചു. വിവരം സിലിഗുഡി പോലീസ്, മറയൂർ പോലീസിൽ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരെയും പോലീസ് മറയൂരിൽ എത്തിച്ചു. ഇയാൾക്ക് എതിരെ തട്ടിക്കൊണ്ടു പോകലിനും പോക്സോ പ്രകാരം ഒരു കേസും ഫെബ്രുവരി 8 ന് വിസാകാലാവധി കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ തങ്ങിയതിന് ഫോറിൻ ആക്ട് പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.