തിരുവനന്തപുരം: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ നിന്നും നീക്കം ചെയ്തത് 9 സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്ന ട്യൂമർ.
തിരുവനന്തപുരം കിംസ് ഹെൽത്തിലാണ് കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്താതെ തന്നെ മാരകമായ ട്യൂമർ നീക്കം ചെയ്തത്.
ഗർഭാവസ്ഥയിൽ 33 ആം ആഴ്ചയിലെ അൾട്രാസൗണ്ട് സ്‌കാനിങ്ങിലാണ് കുഞ്ഞിൽ ട്യൂമർ കണ്ടെത്തിയത്. തുടർന്ന് 37 ആം ആഴ്ചയിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
പിന്നീട് നടത്തിയ ബയോപ്സി പരിശോധനയിൽ, കരളിന്റെ കോശങ്ങളിൽ വളരുന്ന കാൻസറായ ഹെപ്പറ്റോബ്ലാസ്റ്റോമയാണിതെന്ന് സ്ഥിരീകരിച്ചു. കുട്ടികളിൽ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും നവജാത ശിശുക്കളിൽ ഇത് വളരെ അപൂർവ സംഭവമാണ്.
9 സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്ന ട്യൂമർ രക്തക്കുഴലുകൾക്കിടയിലായി സ്ഥിതി ചെയ്തതിനാൽ അപകടാവസ്ഥയിലായിരുന്നു.
ഇത് കണക്കിലെടുത്ത് മെഡിക്കൽ സംഘം ട്യൂമറിന്റെ വലിപ്പം കുറയ്‌ക്കാനായി കീമോതെറാപ്പി നൽകാൻ തീരുമാനിച്ചു. നവജാത ശിശുവിൽ കീമോതെറാപ്പി നൽകുന്നത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
എന്നാൽ സർജറിക്ക് സഹായകമാകുന്ന വിധത്തിൽ ട്യൂമറിന്റെ വലിപ്പം കുറയ്‌ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമെന്നും ഡോ. ഷബീറലി ടി.യു പറഞ്ഞു.
വിജയകരമായി ട്യൂമറിന്റെ വലിപ്പം കുറയ്‌ക്കുകയും അഞ്ചാം മാസത്തിൽ കുട്ടിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുകയും ചെയ്തു.
നിയനെറ്റോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. നവീൻ ജെയിൻ, മെഡിക്കൽ ഓങ്കോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അസ്ഗർ അബ്ദുൽ റഷീദ്, ഹെപ്പറ്റോബൈലറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യു, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹ്‌മദ് റാത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിൽ വീന കാവയും ട്യൂമറിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുമുൾപ്പെടെ കരളിന്റെ ഒരു പ്രധാന ഭാഗം നീക്കം ചെയ്തു.
ശസ്ത്രക്രിയ്‌ക്ക് ശേഷം കുഞ്ഞ് പൂർണാരോഗ്യം പ്രാപിക്കുകയും ഒരു മാസത്തിനുള്ളിൽ ആശുപത്രി വിടുകയും ചെയ്തു.
ഹെപറ്റോബൈലറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ. വർഗീസ് എൽദോ, അനസ്തേഷ്യ വിഭാഗം കൺസൽട്ടന്റ് ഡോ. ഹാഷിർ എ, ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. മനോജ് കെ.എസ്, ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. മനീഷ് കുമാർ യാദവ് എന്നിവർ മെഡിക്കൽ സംഘത്തിന്റെ ഭാഗമായിരുന്നു