പിതാവ് മരിച്ച് ഒരു വർഷം 40കാരനായ മകൻ മൃതദേഹം സംസ്കരിച്ചില്ല. പിതാവിനെ ഫ്രീസറിൽ സൂക്ഷിച്ചത് സ്വത്തവകാശ തർക്കം നിലനിൽക്കുന്നതിനാലായിരുന്നു. സൗത്ത് കൊറിയയിലെ ജ്യോൻഗി പ്രവിശ്യയിലാണ് സംഭവം നടന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ ജ്യോൻഗിയിലെ ഇച്ചൻ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പിതാവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പൊലീസ് ഞെട്ടി. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് ആദ്യം കരുതി. തുടർന്ന് യുവാവ് കാര്യങ്ങൾ വിശദീകരിച്ചു. സ്വത്തവകാശ തർക്കമുണ്ടെന്നും ഇതേ തുടർന്ന് പിതാവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി ഫ്രീസർ പരിശോധിക്കുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇയാൾ പിതാവിന്റെ വീട് സന്ദർശിച്ചിരുന്നു. ഈ സമയം പിതാവ് വീട്ടിൽ മരിച്ച് കിടക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അതേസമയം, മൃതദേഹം എങ്ങനെ വീട്ടിൽ എത്തിച്ചു എന്നതിന് ഇയാൾ കൃത്യമായ മറുപടി നൽകിയിട്ടും ഇല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് പറഞ്ഞ കാര്യങ്ങൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
സംഭവത്തിന് പിന്നിൽ സ്വത്തവകാശ തർക്കം തന്നെയാണോ എന്ന കാര്യം വിശദമായി പൊലീസ് പരിശോധിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാണ് മരണ കാരണം വ്യക്തമാകുകയുള്ളൂ പൊലീസ് അറിയിച്ചു.
English summary : A 40- year -old man kept his father’s body in a freezer for more than a year ; The police registered a case of unnatural death