മലയാളി യുവാവ് കൊല്ലപ്പെട്ടു
ദമ്മാം: സൗദി അറേബ്യയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലാണ് സംഭവം.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി അഖില്‍ അശോക് കുമാർ(28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ ബാദിയയിലാണ് സംഭവം.
സൗദി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഖില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
എന്നാൽ സംഭവത്തിന് സാക്ഷിയായ സുഡാനി പൗരൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ദമ്മാമിനു സമീപം ഖത്തീഫിലാണ് അഖില്‍ ജോലി ചെയ്തിരുന്നത്.
അഖിലിന്റെ ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അഖിലിനോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമില്‍ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
മലയാളി യുവതിയെ ഷാർജയിൽ കാണാനില്ലെന്ന് പരാതി
ഷാർജ: മലയാളി യുവതിയെ ഷാർജയിൽ നിന്നും കാണാതായെന്ന് പരാതി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതികയെ (പൊന്നു -22) ആണ് കാണാതായത്. ഷാർജ അബു ഷഗാറയിലാണ് ഇവർ താമസിക്കുന്നത്.
ഇന്നലെ രാവിലെ എട്ട് മണി മുതലാണ് യുവതിയെ കാണാതായത്. സംഭവത്തിൽ കുടുംബം അൽഗർബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക് കൂടെ പോയതാണ് റിതിക എന്നാണ് കുടുംബം പറയുന്നത്.
സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു.
എന്നാൽ അഞ്ച് മിനിട്ടിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പരിസരപ്രദേശങ്ങളിൽ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വെളുപ്പിൽ കറുത്ത വരകളുള്ള ടോപ്പും പാന്റ്സുമായിരുന്നു കാണാതാകുമ്പോൾ റിതിക ധരിച്ചിരുന്നത്.
കഴിഞ്ഞ 27 വർഷമായി തിരുവനന്തപുരം സ്വദേശികൾ യുഎഇയിൽ താമസിച്ചു വരികയാണ്.
Summary: A 28-year-old Malayali youth was killed following an argument in Saudi Arabia. The incident took place in Dammam, Eastern Province. The deceased has been identified as Akhil Ashok Kumar from Balaramapuram, Thiruvananthapuram.