സ്‌കോട്ട്‌ലൻഡിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഗാലോവേയിൽ വനമേഖലയിലെ വലിയ പ്രദേശത്ത് കാട്ടുതീ പടർന്നതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു.
വെള്ളിയാഴ്ചയാണ് വനമേഖലയോട് ചേർന്ന് താമസിക്കുന്ന പ്രദേശത്തെ ആളുകൾക്ക് ഭീഷണിയാകും വിധം കാട്ടുതീ പടർന്നത്. ഇതോടെ എമർജൻസി നമ്പരുകളിലേക്ക് സഹായം ആവശ്യപ്പെട്ട് വിളികൾ എത്തി. തുടർന്ന് പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകാൻ പോലീസ് ആളുകളോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് വെള്ളം ഒഴിക്കുന്നത് തുടരുകയാണെന്നും സ്‌കോട്ടിഷ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് (എസ്എഫ്ആർഎസ്) അറിയിച്ചു.
യു.കെ.യിലുടനീളം വർധിച്ചുവരുന്ന താപനിലമൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .
ഉല്ലാപൂളിനടുത്തുള്ള വെസ്റ്റ് ഹൈലാൻഡ്സിൽ മറ്റൊരു കാട്ടുതീയും ഉണ്ടായെങ്കിലും അഗ്‌നിശമന സേനാംഗങ്ങൾ അവ നിയന്ത്രണവിധേയമാക്കി.

അച്ചിൽട്ടിബുയി ജങ്ഷനും ബഡാഗൈലിലെ ജംഗ്ഷനും ഇടയിലുള്ള A835 പാതയുടെ ഒരു ഭാഗം പോലീസ് അടച്ചു. ഗാലോവേയിലെ തീ ഇപ്പോൾ സമീപത്തുള്ള ബെന്നൻ, ലാമച്ചൻ കുന്നുകളിലേക്ക് നീങ്ങിയതായി അഗ്നിരക്ഷാസേന അറിയിച്ചു.
കാറ്റിന്റെ ദിശ മാറിയതിനെത്തുടർന്ന് ഈസ്റ്റ് അയർഷയറിലെ ലോച്ച് ഡൂൺ പ്രദേശത്തേക്ക് തീ പടരാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ‘രണ്ട് മുതൽ മൂന്ന് മൈൽ വരെ വീതിയിൽ’ തീ പടർന്നിരുന്നു.

അടുത്ത ആഴ്ച സമീപ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ക്യാമ്പ് ഫയർ അല്ലെങ്കിൽ തുറസായ സ്ഥലത്ത് തീജ്വാലകൾ കത്തിക്കുന്നത് ഒഴിവാക്കണമെന്നും അഗ്നിക്ഷാസേന ആവശ്യപ്പെട്ടു.