പന്തളം: വിവാഹ നിശ്ചയദിവസം രാത്രി ബൈക്കിൽ സഞ്ചരിച്ച യുവാവിന് അജ്ഞാത വാഹനമിടിച്ച് ദാരുണാന്ത്യം. കുളനട ഞെട്ടൂർ സുമി മൻസിൽ താജുദ്ദീന്റെ മകൻ സുബിക്ക് (25) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എം.സി റോഡിൽ കുളനട രണ്ടാം പുഞ്ചയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. വാഹനമിടിച്ച് തകർന്ന നിലയിൽ ബൈക്കും സമീപത്തെ ഓടയിൽ നിന്ന് സുബിക്കിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
സുബിക്കിന്റെ ബൈക്കിൽ ഏതോ വാഹനം ഇടിച്ചതായാണ് വിവരം. ചക്കുവള്ളിയിൽ വെച്ച് വ്യാഴാഴ്ച സുബിക്കിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടുകാരനെ കണ്ട് മടങ്ങുമ്പോൾ ആയിരുന്നു അപകടം.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ പുന്തല കക്കട മുസ്ലിം ജുമാ മസ്ജിദിൽ കബറടക്കി. ചെങ്ങന്നൂർ മുത്തൂറ്റ് ബാങ്കിൽ മൈക്രോ ഫിനാൻസിലെ ജീവനക്കാരനായിരുന്നു സുബിഖ്. മാതാവ്: സാഹിറ. സഹോദരി സുമി.









