ഇംഗ്ലണ്ടിലെ ആഡംബര കപ്പലിലെ 241 പേർക്ക് നോറോ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്ന് 29 ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഇക്കഴിഞ്ഞ മാർച്ച് 8ന് പുറപ്പെട്ട കുനാർഡ് ലൈൻസിന്റെ ക്യൂൻ മേരി-2 എന്ന ആഡംബര കപ്പലിലെ യാത്രക്കാർക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.
ഡീസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ യുഎസ് ഹെൽത്ത് ഏജൻസി സെന്റർ (സിഡിസി) ആണ് യാത്രക്കാർക്ക് നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ നങ്കൂരമിട്ട ശേഷം മാർച്ച് 18നാണ് യാത്രക്കാർക്ക് വൈറസ് പിടിപെട്ടതെന്ന് സിഡിസി റിപ്പോർട്ടിൽ പറയുന്നു. വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് യാത്രക്കാർ പ്രകടിപ്പിച്ചത്.
2,538 യാത്രക്കാരാണ് കപ്പലിലുള്ളത്. വൈറസ് ബാധിതരിൽ 224 പേർ യാത്രക്കാരും 17 പേർ കപ്പൽ ജീവനക്കാരുമാണ്. രോഗബാധിതർ ഐസലേഷനിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.
രോഗബാധിതരെ പ്രത്യേകം ഐസലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും കപ്പലിൽ പൂർണമായും ശുചിത്വ പ്രൊട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗങ്ങൾക്ക് കാരണമാകുന്ന അതിവ്യാപന ശേഷിയുള്ള വൈറസ് ആണ് നോറോ. അമേരിക്കയിൽ പ്രതി വർഷം 21 ലക്ഷം പേരിൽ വൈറസ് ബാധിക്കുന്നുണ്ടെന്നാണ് സിഡിസിയുടെ കണക്കുകൾ. ഇന്നലെയാണ് കപ്പൽ അറ്റ്ലാന്റിക് സമുദ്രം കടന്നത്. ഈ മാസം 6ന് കപ്പൽ സൗത്താംപ്ടനിലെത്തുമെന്നാണ് പ്രതീക്ഷ.
ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കും, അതും രണ്ടര മണിക്കൂർ മുമ്പ്
ന്യൂ ഡൽഹി: ഇടിമിന്നലിനെ രണ്ടര മണിക്കൂർ മുമ്പ് പ്രവചിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യ. ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു ഇടിമിന്നലിനെ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതുവഴി ഇന്ത്യയിൽ എവിടെയും ഇടിമിന്നലിനെ മുൻകൂട്ടി പ്രവചിക്കാനാകും എന്നതാണ് പ്രത്യേക ത.
ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. “ഇൻസാറ്റ്-3D ഉപഗ്രഹം ശേഖരിച്ച ഔട്ട്‌ഗോയിംഗ് ലോംഗ്‌വേവ് റേഡിയേഷൻ ഡാറ്റയിൽ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ വ്യതിരിക്തമായ മിന്നൽ സിഗ്നേച്ചറുകൾ കണ്ടെത്തിയിട്ടുണ്ട്.
OLR ശക്തിയിലെ കുറവ് സാധ്യതയുള്ള മിന്നൽ സംഭവങ്ങളുടെ വിശ്വസനീയമായ സൂചകമായി വർത്തിക്കുന്നുവെന്ന് അവരുടെ ഗവേഷണം തെളിയിച്ചതായി ഐഎസ്ആർഒ വെളിപ്പെടുത്തി.
ഇൻസാറ്റ് സീരീസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ നിരീക്ഷണങ്ങൾ ഉപയോഗപ്പെടുത്തി ഈ മിന്നൽ സൂചനകൾ കണ്ടെത്താനും തിരിച്ചറിയാനും ഐഎസ്ആർഒ ശ്രമിച്ചു.
പ്രവചന കൃത്യത വർദ്ധിപ്പിക്കുന്നതിനായി ഗവേഷകർ ലാൻഡ് സർഫസ് ടെമ്പറേച്ചർ (എൽഎസ്ടി), കാറ്റ് ഡാറ്റ എന്നിവയുൾപ്പെടെയുള്ള അധിക പാരാമീറ്ററുകൾ പരമാവധി ഉൾപ്പെടുത്തി.
ഈ സംവിധാനങ്ങൾ ഉപയോഗിച്ച് മിന്നൽ പ്രവർത്തനത്തിലെ വ്യതിയാനങ്ങൾ ഫലപ്രദമായി പിടിച്ചെടുക്കുകയും ഏകദേശം 2.5 മണിക്കൂർ മുൻകൂർ മുന്നറിയിപ്പോടെ മിന്നൽ പ്രവചനം സാധ്യമാക്കും എന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
ഇടിമിന്നൽ ഭൂമിക്ക് വളരെആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ സാധിക്കില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കുകയും പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയും.









