കണ്ണൂർ: വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാനാണ് സുരേഷ് കൈക്കൂലി വാങ്ങിയത്.
കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സ്ഥലത്തെത്തിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ സുരേഷിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് സഹകരണ സംഘം ജീവനക്കാരന് സൂര്യാഘാതമേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് സൂര്യാഘാതമേറ്റു. വെങ്ങാനൂരിലാണ് സംഭവം. പട്ടികജാതി സർവീസ് സഹകരണ സംഘം ജീവനക്കാരനായ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശി വിജിലാലിനാണ് (37) സൂര്യാഘാതമേറ്റത്. ഇയാളുടെ മുതുകിന്‍റെ ഭാഗത്താണ് പൊള്ളലേറ്റത്.
ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കിടെ പുറത്തേക്കിറങ്ങിയപ്പോഴാണ് അവശത തോന്നിയതെന്ന് വിജിലാൽ പറഞ്ഞു. ശരീരത്തിന്‍റെ പുറം ഭാഗത്ത് വലിയ ചൂട് അനുഭവപ്പെടും തലചുറ്റലുമുണ്ടായി.
ഉടൻ തന്നെ സംഘം അധികൃതരുടെ സഹായത്തോടെ ആശുപത്രി ചികിത്സ തേടി. തുടർന്ന് ഡോക്‌ടർമാരാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം വിജിലാലിന് വിശ്രമം നിർദേശിച്ചു.