അടിമാലി: വില കുറഞ്ഞെങ്കിലും കൊക്കോ എടുക്കാൻ ആളില്ലാത്തത് കർഷകർക്ക് വിനയായി. ഹൈറേഞ്ചിൽ കാഡ്ബറിസ്, കാംകോ കമ്പനികളും സ്വകാര്യ കമ്പനികളും കൊക്കോ ശേഖരിച്ചിരുന്നു.
ഈ വർഷം തുടക്കത്തിൽ 780 രൂപ വരെ വിലയുണ്ടായിരുന്ന കൊക്കോയ്ക്ക് ഇപ്പോൾ 200-250 രൂപയാണ് ലഭിക്കുന്നത്.
ഈ വിലക്കും കൊക്കോ വിൽക്കാൻ തയാറാണെങ്കിലും വാങ്ങാൻ ആരും എത്തുന്നില്ലെന്നും കർഷകർ പറഞ്ഞു. ചെറുകിട വ്യാപാരികൾ 400 രൂപക്ക് മുകളിൽ ടൺകണക്കിന് കൊക്കോ ശേഖരിച്ചു വെച്ചിരിക്കുകയാണ്.
ഇവ വിറ്റ് പോകാത്തതിനാൽ വ്യാപാരികൾക്കും വലിയ ബാധ്യത ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷം താരപദവിലേക്ക് ഉയർന്ന കൊക്കോയ്ക്ക് 1200 രൂപ വരെലഭിച്ചിരുന്നു.
കാലവർഷത്തിൽ വില 500 ന് അടുത്ത് നിന്നെങ്കിലും കഴിഞ്ഞ ഡിസംബർ മുതൽ വീണ്ടും വില ഉയർന്നിരുന്നു. പിന്നീട് 780 രൂപക്ക് വരെ വിൽപന നടന്നു.
ജനുവരി, ഫെബ്രുവരി മാസത്തിലും മാർച്ച് തുടക്കത്തിലും വരെ 500 രൂപക്ക് മുകളിൽ വില നിന്നെങഅകിലും പൊടുന്നനെ വില കുത്തനെ ഇടിഞ്ഞു.
കൊക്കോ പരിപ്പിന് ഗുണനിലവാരം തീരെ കുറവാണെന്നതാണ് പൊതുമേഖല കമ്പനി അധികൃതർ ഇപ്പോളഅ കാരണമായി പറയുന്നത്.
എന്നാൽ വൻകിട ചോക്ലേറ്റ് കമ്പനികളുടെ ഇടപെടലാണ് ഇതിനു പിന്നിലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. വാത്തിക്കുടി, കൊന്നത്തടി, മാങ്കുളം, വെള്ളത്തൂവൽ, അടിമാലി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് കൊക്കോ കൂടുതൽ ഉൽപദിപ്പിക്കുന്നത്.