പത്തനംതിട്ട: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി പ്രതിഷേധിച്ചു. എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷർട്ട് ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.
പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഇത്തരക്കാർ ഷർട്ട് ധരിച്ച് കയറിയത്. സ്ഥലത്ത് പോലീസ് സംഘം കാവലിനുണ്ടായിരുന്നെങ്കിലും ആരെയും അന്ന് തടയാൻ തുനിഞ്ഞില്ല. ഇത്തരത്തിൽ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് പ്രവേശിക്കാനായി അനുവാദം നൽകണമെന്നാണ് എസ്എൻഡിപിയും ശിവഗിരി മഠവും ആവശ്യപ്പെട്ടിരുന്നു.
പുരുഷന്മാർ ഷർട്ട് ധരിക്കാതെ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന നിബന്ധന നീക്കണമെന്ന് അടുത്തിടെ എറണാകുളം കുമ്പളത്തെ ശ്രീലക്ഷ്മി നാരായണ ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചിരുന്നു.
നൂറാണ്ടിന്‍റെ പഴക്കമുളളതാണ് കുമ്പളത്തെ ലക്ഷ്മി നാരായണ ക്ഷേത്രം.ശ്രീനാരായണഗുരു നാമകരണം ചെയ്ത ശ്രീജ്ഞാന പ്രഭാകര യോഗത്തിനു കീഴിലുളളതാണ്. ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി പുരുഷന്മാർ ഷർട്ട് ധരിച്ച് അമ്പലത്തിൽ കയറണമെന്ന് തീരുമാനിക്കുകയായിരുന്നു.”അടുത്തകാലത്ത് ചില ഹിന്ദുക്കൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ക്ഷേത്രത്തിനകത്തെ ഷർട്ട് ധാരണം. രാജ്യത്ത്, ഷർട്ട് ധരിച്ചു കയറാവുന്നതും, ധരിക്കാതെ കയറാവുന്നതുമായ ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് കയറാൻ പാടില്ലെന്നത് ചിലർ ആചാരമായും മറ്റു ചിലർ അനാചാരമായും കാണുന്നു.
മനസിന് ആർദ്രവും മഹനീയവുമായ വികാരമാണ് ഭക്തി. ഹിന്ദുമതത്തിലാകെയും ഭക്തിയിൽ അധിഷ്ഠിതമായ ഈശ്വര സങ്കല്പമാണ് നിലനിന്നുപോരുന്നത്.
ഈശ്വരനെ വിഗ്രഹരൂപത്തിൽ പ്രതിഷ്ഠിച്ച് ഉപചാരങ്ങളോടുകൂടി പൂജ ചെയ്യുക എന്നതാണ് പ്രധാനമായും ക്ഷേത്രംകൊണ്ട് അർഥമാക്കുന്നത്. സർവവ്യാപിയും അരൂപിയുമായ ഈശ്വരചൈതന്യത്തെ ഒരു പ്രതിമയിലേക്കോ കരിങ്കല്ലിലേക്കോ ആവാഹിച്ച്, ചില മൂലമന്ത്രങ്ങൾ സങ്കൽപ്പിച്ച്, അംഗപ്രത്യംഗ ഭാവന നിശ്ചയിച്ച്, നിഗ്രഹാനുഗ്രഹശക്തി വരുത്തി, ആചാരക്രമങ്ങൾ നിർണയിച്ച് ആചാര്യന്മാർ പ്രതിഷ്ഠിക്കുന്നതാണ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ ചൈതന്യമെന്നാണ് ഹൈന്ദവ സങ്കല്‌പം.
ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ ആരാധനാമൂർത്തികളാണ്. മനസിനെ ഏകാഗ്രമാക്കാനും, ശാന്തിയും സമാധാനവും നേടുവാനുമുള്ള പ്രതീകമായാണ്, പരബ്രഹ്മ ചൈതന്യത്തെ ഒരു വിഗ്രഹത്തിൽ സങ്കൽപ്പിച്ചാണ് ഹിന്ദുമത വിശ്വാസികൾ ധ്യാനിക്കുന്നത്.
ഭൗതിക വിഗ്രഹത്തെയല്ല, അതിൽ സങ്കൽപ്പിക്കുന്ന ദേവനെയോ ദേവിയെയോ ആണ് വിശ്വാസികൾ ആരാധിക്കുന്നതെന്ന് പുരോഹിതർ പറയുന്നു. ചരിത്രാതീതകാലം മുതൽ മനുഷ്യൻ അദൃശ്യമായ ഒന്നിൽ അവന്റെ ആരാധന അർപ്പിച്ചു പോരുന്നു. ഈശ്വരപ്രസാദത്തിനും, തന്നിൽ മനുഷ്യത്വവും സാത്വികതയും വരുത്തുന്നതിനും, കാമക്രോധാദികളെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഹിന്ദുക്കൾ അനുഷ്ഠാനങ്ങൾ ആചരിക്കുന്നത്.
ക്ഷേത്രങ്ങളിൽ സ്പന്ദിക്കുന്ന ഈശ്വര ചൈതന്യമുണ്ടെന്ന് സങ്കൽപ്പിക്കപ്പെടുന്നു. ഭക്തി എന്നാൽ ആദരസമ്മിശ്രമായ സ്നേഹമെന്നാണ് അർത്ഥമാക്കുന്നതെന്ന് പുരാണങ്ങൾ പറയുന്നു. ഭക്തി ഹൃദയത്തെ ഉദാത്തീകരിക്കുകയും ത്യാഗസമ്പന്നമാക്കുകയും ചെയ്യുന്നുണ്ട്. സങ്കുചിത സ്വാർത്ഥചിന്ത ത്യജിക്കുവാനുള്ള പ്രേരണ ശരിയായ ഭക്തിയിൽ നിന്ന് ലഭിക്കുന്നു. ഭക്തി മനസിലെ മാലിന്യങ്ങൾ അകറ്റി, ഹൃദയവും മനസും നിഷ്കളങ്കമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതിനൊപ്പം മനസിന് ഏകാഗ്രത ലഭിക്കുവാനും സത്യധർമ്മാദികളെ പിന്തുടരുന്നതിന് ശക്തി പകരുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചും ശരീരവും മനസും ശുദ്ധീകരിച്ചുകൊണ്ടും ആവണം ക്ഷേത്രദർശനം നടത്തേണ്ടത്. ചില ഹിന്ദുമത ഗ്രന്ഥങ്ങളിൽ ക്ഷേത്ര പ്രവേശനത്തിനുള്ള ശുദ്ധാദികൾ പ്രതിപാദിക്കുന്നുണ്ട്. കുളിച്ച് ശുദ്ധവസ്ത്രം ധരിച്ചുവേണം ക്ഷേത്രദർശനം നടത്തേണ്ടത്. എണ്ണ, തൈലം തുടങ്ങിയവ തേച്ചുള്ള കുളി പാടില്ല. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിക്കുകയാണ് ഉത്തമം എന്നു പറയുന്നു. വസ്‌ത്രങ്ങൾ ശുദ്ധവും കഴുകി ഉണക്കിയതുമായിരിക്കണം. തലേന്നു ധരിച്ച വസ്‌ത്രത്തോടെ ക്ഷേത്രപ്രവേശനം പാടില്ല എന്നാണ് പറയുന്നത്. ചെരുപ്പ് ധരിച്ചും കുടപിടിച്ചും തലേക്കെട്ട് കെട്ടിയും വിശറി പിടിച്ചും ക്ഷേത്രദർശനം പാടില്ല. ഷർട്ട് പകുതി ഊരിയും ക്ഷേത്രപ്രവേശനം പാടില്ല.
സ്‌ത്രീകൾ മുഖവും ശിരസും മറയാത്ത രീതിയിൽ ആണ് വസ്‌ത്രം ധരിക്കേണ്ടതാണ്. സ്‌ത്രീകൾ ആർത്തവത്തിന് ഏഴുദിവസം അശുദ്ധിയായി കാണണമെന്നും ബന്ധുക്കൾ മരിച്ചാൽ പതിനാറ് ദിവസം കഴിഞ്ഞേ ക്ഷേത്രദർശനം പാടുള്ളൂ എന്നും പറയുന്നു. പ്രസവം കഴിഞ്ഞാൽ അമ്മയും കുഞ്ഞും, കുഞ്ഞിന്റെ ചോറൂണിനോ, അതു കഴിഞ്ഞോ മാത്രമേ ക്ഷേത്രദർശനം നടത്താൻ പാടുള്ളു. പെറ്റപുല, മരിച്ചപുല എന്നിവ വ്യക്തികളെയും ബന്ധുക്കളെയും ബാധിക്കുന്ന അശുദ്ധികളാണ്. സ്‌ത്രീകൾ രജസ്വല ആയാലുള്ള അശുദ്ധി, മൃതദേഹത്തെ സ്പർശിച്ചാലുള്ള അശുദ്ധി ഇവയെല്ലാം ഒരു സ്‌നാനത്താൽ നീങ്ങുമെന്നാണ് പറയുന്നത്.
എടുത്തുപറയേണ്ട ഒരു വസ്തുത, ഹിന്ദുമത ഗ്രന്ഥങ്ങളിലോ ധർമ്മസംഹിതകളിലോ ഒന്നും ഷർട്ട് ധരിച്ചുള്ള ക്ഷേത്രപ്രവേശനം പുരുഷന് പാടില്ല എന്ന് അനുശാസിക്കുന്നില്ല എന്നതാണ്. ഏതോ സങ്കുചിതചിന്തയുടെ പരിണത ഫലമാണ് പുരുഷന്മാർ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലെന്ന് പറയുന്നതിനു കാരണം.