കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഇന്നലെ 66,000 തൊട്ട സ്വര്‍ണവിലയിൽ ഇന്ന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,320 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 8290 രൂപയുമായി.
ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. 65,840 രൂപയായിരുന്നു അന്നത്തെ സ്വർണ വില. ജനുവരി 22നാണ് സ്വർണ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. പിന്നാലെ ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയാണ് ചെയ്തത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.