തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ പരിശോധന നടത്തിയവർക്ക് നേരെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒവിയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഇ മെയില്‍ വഴി തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇതേ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.
പരിശോധനക്കിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. പരിശോധന ആരംഭിച്ചതോടെ ജീവനക്കാര്‍ മുഴുവന്‍ പുറത്താണ് നിന്നിരുന്നത്. ഇവര്‍ക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാർക്കും തേനിച്ചയുടെ കുത്തേറ്റു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്.
അവശനിലയില്‍ ആയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിശോധനയിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ഇന്നലെ രാവിലെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി എത്തിയത്.