ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്ത് പാർട്ടി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗമായിരുന്ന സുജന്യ ഗോപിക്കെതിരെയാണ് നടപടി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂര്‍ ഡിവിഷൻ അംഗത്വവും സുജന്യ രാജി വെച്ചിരുന്നു.
ഇക്കഴിഞ്ഞ 14ന് രാത്രിയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തില്‍ കുഴിയില്‍ വീട്ടില്‍ വിനോദ് എബ്രഹാമിന്റെ എടിഎം കാർഡാണ് നഷ്ടമായത്. കല്ലിശ്ശരിയിലുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ട ശേഷം തിരിച്ചുവരുന്ന വഴിയാണ് സംഭവം. പിന്നാലെ ഓട്ടോ ഡ്രൈവറായ സലീഷ് മോന് ആണ് ഈ പേഴ്‌സ് ലഭിച്ചത്. ഈ വിവരം സലീഷ് സുജന്യയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കാർഡ് ഉപയോഗിച്ച് എടിമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇരുവരും തീരുമാനിച്ചു. പതിനഞ്ചിന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിലേക്ക് ഇരുവരും ബൈക്കിലെത്തി 25,000 രൂപയോളം ആണ് പിൻവലിച്ചത്. എടിഎം കാര്‍ഡിനൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്.
ഇതിന് പിന്നാലെ ഫോണിലേക്ക് മെസേജുകള്‍ വന്നതോടെ വിനോദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സുജന്യയേയും സലീഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഷ്ടമായ പേഴ്സ് കല്ലിശേരിയിലെ റെയിൽവേ മേല്‍പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.