ഓണറേറിയവും ശമ്പളവുമൊന്നും പോരാ എന്ന് പറഞ്ഞ് ബഹളം വെക്കാറുള്ള പൊതുപ്രവർത്തകരുടെ നാടാണ് കേരളം. ഇവിടെ മൂവാറ്റുപുഴ എംഎൽഎ വ്യത്യസ്തനാകുകയാണ്. കഴിഞ്ഞ നാല് വർഷം എംഎൽഎ എന്ന നിലയിൽ ലഭിച്ച ശമ്പളം മുഴുവൻ സ്വരുക്കുട്ടിവെച്ച് അത് ഡയാലിസിസ് രോഗികൾക്കായി നൽകാൻ തയ്യാറെടുക്കുകയാണ് ഈ യുവ എംഎൽഎ.
‘മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയ ഘട്ടം മുതൽ ജോലി ചെയ്ത് പൊതുപ്രവർത്തനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. അതിന്റെ ഭാഗമായി അഭിഭാഷക വൃത്തി സജീവമായി നടത്തിയാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയിരിക്കുന്നത്.
മൂവാറ്റുപുഴയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് മുതൽ മാത്യു കുഴൽനാടന് ലഭിച്ച ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ എടുത്തിട്ടില്ല. നാല് വർഷത്തെ ശമ്പള ഇനത്തിൽ 25 ലക്ഷം രുപബാങ്കിലുണ്ട്. ഈ തുക മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് മടക്കി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്’ മാത്യൂ കുഴൽനാടൻ പറയുന്നു.
ഒരുപക്ഷേ, സംസ്ഥാനത്ത് ആദ്യത്തെ സംഭവം ആകാം ഇത്. ഒരു ജനപ്രതിനിധി, തനിക്ക് ലഭിച്ച ശമ്പളം മുഴുവൻ ജനങ്ങൾക്ക് വീതിച്ചു നൽകുകയാണ്. കുഴൽനാടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ സ്പർശം വഴിയാണ് ജനപ്രതിന്ധികൾക്ക് മാതൃകയാക്കാവുന്ന പദ്ധതി നടപ്പാക്കുന്നത്.
മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ ഡയാലിസ് രോഗികൾക്കും ഒരു വർഷത്തേക്ക് ഡയാലിസിസ് നടത്താനുള്ള തുക നൽകാനാണ് തീരുമാനം. പ്രതിമാസ കൂപ്പൺ ആയിട്ടാണ് സഹായം നൽകുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 15ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ നിർവഹിക്കും.
ഇതിനും പുറമേ കിടപ്പ് രോഗികളും അനാഥരും ഒറ്റപ്പെട്ടും താമസിക്കുന്ന വരെ മൂന്ന് മാസത്തിനിടയിൽ അഞ്ച് വട്ടം സന്ദർശിക്കുകയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നതിനായി നാല് യുവതി യുവാക്കൾക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ട്.
ഇതിനായി രണ്ട് പെൺകുട്ടികളേയും രണ്ട് ആൺകുട്ടികളേയും തിരഞ്ഞെടുക്കും. വിദേശത്ത് കെയർ ഹോമുകളിൽ ജോലി നോക്കാനായി പോകുന്നവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ എംഎൽഎയുടെ സർട്ടിഫിക്കറ്റും ഇവർക്ക് നൽകും. ഈ പദ്ധതിയുടെ രുപരേഖ തയ്യാറാക്കി വരികയാണെന്നും കുഴൽ നാടൻ പറഞ്ഞു.