തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രാഹ്‌മണർക്ക് കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ.
കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ ബ്രാഹ്‌മണർക്ക് സാധിക്കാത്തതിന് കാരണം ജനിതകപരമായ പ്രശ്‌നങ്ങളാലാണെന്നും ജി സുധാരകൻ പറഞ്ഞു.
കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്‌മണ കുടുംബങ്ങളും ഇപ്പോൾ കൊടും പട്ടിണിയിലാണ്. അവർക്ക് സ്വന്തമായി ഭൂമിപോലുമില്ലാത്തവരുണ്ട്. അവർക്ക് ഒന്നുമില്ല കേരളത്തിൽ.
ചെറിയ സർക്കാർ ഉദ്യോഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളതെന്നും ജി സുധാകരൻ ചോദിക്കുന്നു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി.
കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ലലോ. അത് പരമ്പാരഗതമായിട്ടുള്ള ജനറ്റിക്‌സ് ഡെവലപ്‌മെന്റാണെന്നും ജി സുധാകരൻ പറഞ്ഞു.
അതേസമയം നേരത്തെ കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് സുധാകരനെതിരെ സോഷ്യൽമീഡിയകളിൽ ഇടത് അനുകൂലികൾ ശക്തമായ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് പുതിയ പ്രസ്താവന.
ഇതിന് പിന്നാലെയാണ് കേരളത്തിലെ ബ്രാഹ്‌മണർ അതി ദരിദ്രരാണെന്ന പ്രസ്താവനയുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്. ബ്രാഹ്‌മണർക്ക് കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന ജി സുധാകരന്റെ പ്രസ്താവന കൂടി എത്തിയതോടെ സൈബറിടങ്ങളിൽ വീണ്ടും ജി സുധാകരനെതിരെ വിമർശനം കനക്കുകയാണ്.
വലതുപക്ഷ ഹൈന്ദവ സംഘടനകൾ പോലും ചിന്തിക്കാൻ മടിക്കുന്ന ഇത്തരം പ്രസ്താവന കൊണ്ട് സുധാകരൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്തെന്ന ചോദ്യവും ഉയരുന്നു.