ബെയ്‌ജിങ്: 60 മൈലിലധികം അതായത് 100 കിലോമീറ്റർ അകലെ നിന്ന് മനുഷ്യൻറെ മുഖംവരെ പകർത്താൻ ശക്തിയുള്ള ലേസർ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ഒരു ഉപഗ്രഹം നിർമിച്ചിരിക്കുകയാണ് ചൈന.
റിപോർട്ടുകൾ പ്രകാരം, ശാസ്ത്രജ്ഞർ ദ്വിമാന അല്ലെങ്കിൽ ത്രിമാന ചിത്രങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തരം ലേസർ റഡാറായ സിന്തറ്റിക് അപ്പർച്ചർ ലിഡാർ (SAL) അടിസ്ഥാനമാക്കിയുള്ള ഒരു പരീക്ഷണം നടത്തി.
ചൈനയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ക്വിങ്ഹായ് തടാകത്തിന് കുറുകെയാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഭൂമിയിലുള്ള കാര്യങ്ങളെല്ലാം മുമ്പ് സാധിക്കാത്ത വിധത്തിൽ വിശദമായി നിരീക്ഷിക്കാൻ ചൈനയുടെ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനെ ഉദ്ദരിച്ച് ലൈവ് സയൻസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
മുൻനിര സ്പൈ ക്യാമറകളുമായും പരമ്പരാഗത ദൂരദർശിനികളുമായും താരതമ്യപ്പെടുത്തുമ്പോൾ 100 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രകടന വർദ്ധനവാണ് വന്നിരിക്കുന്നത്.
ചൈനയിലെ അക്കാദമി ഓഫ് സയൻസസിൻറെ എയ്‌റോസ്‌പേസ് ഇൻഫർമേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ചൈനീസ് ജേണൽ ഓഫ് ലേസേഴ്‌സിൽ (ലക്കം 52, വാല്യം 3) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ഈ കണ്ടെത്തലുകളെ പറ്റി വിശദമാക്കിയിട്ടുണ്ട്.
മറ്റ് ബീം-സ്‍കാനിംഗ് റഡാർ ഇമേജറി സിസ്റ്റങ്ങളെ അപേക്ഷിച്ച് മികച്ച റെസല്യൂഷൻ ചിത്രങ്ങൾ നൽകുന്നതിന് സിന്തറ്റിക് അപ്പർച്ചർ ലിഡാർ ഒരു വസ്തുവിൻറെ (ഉപഗ്രഹം പോലുള്ളവ) ചലനത്തെ ആശ്രയിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ എസ്.എ.ആർ സിസ്റ്റങ്ങൾ കൂടുതൽ തരംഗദൈർഘ്യമുള്ള മൈക്രോവേവ് വികിരണത്തെയാണ് ആശ്രയിച്ചിരുന്നത്. ഇതുമൂലം കുറഞ്ഞ റെസല്യൂഷൻ ചിത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഈ പുതിയ സംവിധാനം ഒപ്റ്റിക്കൽ തരംഗദൈർഘ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവയ്ക്ക് മൈക്രോവേവുകളേക്കാൾ വളരെ കുറഞ്ഞ തരംഗദൈർഘ്യമാണുള്ളത്. അതുകൊണ്ട് തന്നെ അവ വ്യക്തമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
ലിഡാർ സിസ്റ്റത്തിൽ നിന്ന് 63.3 മൈൽ (101.8 കിലോമീറ്റർ) അകലെ സ്ഥാപിച്ചിരുന്ന പ്രതിഫലന പ്രിസങ്ങളുടെ നിരകളെ ലക്ഷ്യം വച്ചുള്ള പരീക്ഷണത്തിനിടെ, ഉപകരണം 0.07 ഇഞ്ച് (1.7 മില്ലിമീറ്റർ) വരെ ചെറിയ വിശദാംശങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 0.61 ഇഞ്ച് (15.6 മില്ലിമീറ്റർ) ഉള്ളിലേക്കുള്ള ദൂരം അളന്നു.
മുൻകാല നേട്ടങ്ങളിൽ നിന്നുനോക്കുമ്പോൾ വലിയൊരു കുതിച്ചുചാട്ടമാണിത്, 2011-ൽ പ്രതിരോധ സ്ഥാപനമായ ലോക്ക്ഹീഡ് മാർട്ടിൻ നടത്തിയ പരീക്ഷണം 1 മൈൽ (1.6 കിലോമീറ്റർ) അകലെ നിന്ന് 0.79 ഇഞ്ച് (2 സെൻറിമീറ്റർ) റെസല്യൂഷൻ കൈവരിച്ചിരുന്നു. 4.3 മൈൽ (6.9 കിലോമീറ്റർ) അകലെ അന്നത്തെ ഏറ്റവും മികച്ച 1.97 ഇഞ്ച് (5 സെ.മീ) റെസല്യൂഷൻ നേടിയ ഒരു പരീക്ഷണവും ശാസ്ത്രജ്ഞർ നേരത്തെ നടത്തിയിരുന്നു.
ഈ ഏറ്റവും പുതിയ മുന്നേറ്റം കൈവരിക്കുന്നതിനായി, ചൈനീസ് സംഘം ലിഡാർ സിസ്റ്റത്തെ നയിക്കുന്ന ലേസർ-ബീമിനെ 4×4 മൈക്രോ-ലെൻസ് അറേയിലൂടെ വിഭജിച്ചു. ഇത് സിസ്റ്റത്തിൻറെ ഒപ്റ്റിക്കൽ അപ്പർച്ചർ- ഒരു ക്യാമറ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിൻറെ അളവ് നിയന്ത്രിക്കുന്ന ഓപ്പണിംഗ് 0.68 ൽ നിന്ന് 2.71 ഇഞ്ച് (17.2 എംഎം മുതൽ 68.8 എംഎം വരെ) ആയി വികസിപ്പിച്ചിരിക്കുകയാണ്.
ഈ രീതിയിൽ, അത്തരം ക്യാമറ സിസ്റ്റങ്ങളെ പരിമിതപ്പെടുത്തിയിരിക്കുന്ന അപ്പർച്ചറിൻറെ വലുപ്പവും കാഴ്ച മണ്ഡലവും തമ്മിലുള്ള വ്യത്യാസം ഗവേഷകർക്ക് മറികടക്കാൻ സാധിച്ചു.
എന്നാൽ ഈ പരീക്ഷണം നടത്താൻ തിരഞ്ഞെടുത്തത് സ്ഥിരമായ കാറ്റും പരിമിതമായ മേഘക്കൂട്ടങ്ങളും ഉള്ള മികച്ച കാലാവസ്ഥയും അന്തരീക്ഷ സാഹചര്യങ്ങളും ഉള്ള സ്ഥലത്താണ്.
പ്രതികൂല കാലാവസ്ഥ ഒരു പക്ഷെ ഈ സിസ്റ്റത്തിൻറെ കൃത്യതയെ ബാധിച്ചേക്കാം എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ഈ ഉപഗ്രഹ സാങ്കേതികവിദ്യ ചൈന ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ലോകത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്.