പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ മുതിർന്ന നേതാവ് എ.പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പത്മകുമാർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഇദ്ദേഹം ഉന്നയിച്ചത്.
പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു പിന്നീട്”ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു.
വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് കടുത്ത പ്രതിഷേധമുണ്ട്.
‘ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ കൊല്ലം വിട്ടത്.
മറ്റന്നാള്‍ ചേരുന്ന സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. എന്നാൽ മുതിർന്ന നേതാവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.