ദുബായ്: തോൽവി അറിയാതെ ഫൈനലിൽ എത്തി മൂന്നാം തവണ ചാന്പ്യൻസ് ട്രോഫി ഉയർത്താൻ രോഹിത് ശർമയുടെ നീലപ്പടയും മികച്ച ഫോമിലുള്ള മിച്ചൽ സാന്റനറുടെ ന്യൂസിലൻഡും ഇന്ന് നേർക്കുനേർ പോരാടുന്പോൾ ആര് കപ്പടിക്കും?
ഇന്ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന മത്സരം അതിന് ഉത്തരം നൽകും.
ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടമാകും ഇവിടെ നടക്കുക. മിച്ചൽ സാന്റനറുടെയും വരുണ്‍ ചക്രവർത്തിയുടെയും പ്രകടനങ്ങൾ ഇരുടീമിനും നിർണായകമാകും.
അതേസമയം പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഹെൻറിയുടെ അഭാവം കിവികൾക്ക് വലിയ തിരിച്ചടിയാകും നൽകുക.
കഴിഞ്ഞ 15 വർഷം കരുത്തരായി ഐസിസി ടൂർണമെന്റുകളിൽ മുന്നേറ്റംനടത്തുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഫൈനലാണിത്. എല്ലാ മത്സരങ്ങളും ഒരേ സ്റ്റേഡിയത്തിൽ കളിച്ച ഇന്ത്യക്ക് പിച്ചിന്റെ ആനുകൂല്യവും ഉണ്ട്.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പ്രതീക്ഷ പകരുന്നത് വരുണ്‍ ചക്രവർത്തിയുടെ ഫോമും അക്സർ പട്ടേൽ, ജഡേജ, കുൽദീപ് ത്രയത്തിന്റെ സപ്പോർട്ടുമാണ്. എന്നാൽ, വില്യംസണും രചിൻ രവീന്ദ്രയും മുന്നിൽനിന്നു നയിക്കുന്ന കിവി ബാറ്റർമാർ സ്പിൻ കെണിയിൽ അത്രവേഗം വീഴുന്നവരല്ല.
സാന്റ്നര്‍ അടക്കം എതിരാളികളെ എറിഞ്ഞിടാൻ പ്രാപ്തിയുള്ള സ്പിന്നർമാരും കീവികൾക്കും ഉണ്ടെന്നതിനാൽ തുല്യശക്തികളുടെ പോരാട്ടമാകും ഇന്നു നടക്കുക.
വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിർന്ന താരങ്ങളുടെ അവസാന ചാന്പ്യൻസ് ട്രോഫിയാകാൻ സാധ്യതയുള്ള ഫൈനലിൽ കപ്പിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കില്ല.
അതേസമയം ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സുവർണ തലമുറയാണ് ഈ ടീം. ഓരോ ഐസിസി ടൂർണമെന്റിലും സ്ഥിരതയോടെ അവർ കളിക്കുന്നുണ്ട്.
കിവികൾ ക്രിക്കറ്റ്ചരിത്രത്തിൽ തന്നെ നേടിയത് രണ്ടേ രണ്ട് ഐസിസി കിരീടങ്ങളാണ്. 2000ത്തിലെ ഐസിസി നോക്കൗട്ട് ട്രോഫിയും 2021ൽ ടെസ്റ്റ് ചാന്പ്യൻഷിപ്പും.
രണ്ടുതവണയും പരാജയപ്പെടുത്തിയത് ഇന്ത്യയെ ആയിരുന്നുവെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ അവർക്കതിരേ നേടിയ മികച്ച ജയവും ടീമിന്റെ ഫോമും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
എട്ടുവർഷത്തെ കാത്തിരിപ്പിനപ്പുറം ചില കണക്കുകൾ തീർക്കാനുണ്ട് രോഹിത് ശർമയ്ക്കും ടീമിനും. 2017ൽ നടന്ന അവസാന ഫൈനലിൽ ഇത്തവണ ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാനാണ് ഇന്ത്യയെ തോൽപ്പിച്ചു കപ്പ് നേടിയെടുത്തത്.
2000ത്തിൽ നടന്ന ഫൈനലിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ് തങ്ങളുടെ ആദ്യ ഐസിസി കപ്പിൽ മുത്തമിട്ടിരുന്നു. ഈ രണ്ട് കണക്കുകളും ഒന്നിച്ചു തീർത്ത് കപ്പുയർത്തുകയാണ് ഇന്ത്യയുടെ ഇത്തവണത്തെ ലക്ഷ്യം.
അതേസമയം, സെമിഫൈനൽ ടീം എന്ന വിളിപ്പേരുള്ള കിവികൾ ഫൈനലിസ്റ്റുകൾ എന്ന നിലയിലേക്ക് ഇക്കുറി മാറിയിട്ടുണ്ട്. 2015 ഏകദിന ലോകകപ്പിൽ ഓസീസിനോടുള്ള തോൽവി, 2019ൽ ഇംഗ്ലണ്ടിനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബൗണ്ടറികളുടെ എണ്ണത്തിൽ കൈവിട്ടു പോയ ലോകകപ്പ്, 2021 ട്വന്റി20 ലോകകപ്പിൽ വീണ്ടും വില്ലനായി ഓസീസ്. നിരാശകൾ അവസാനിപ്പിക്കാൻ കിവികൾക്കും ഇക്കളി ജയിച്ചേ തീരൂ.
കോഹ്ലി, രോഹിത്, ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവർ ഇതുവരെ ബാറ്റിംഗ് നിരയുടെ വിശ്വാസം കാത്തു. ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും അവർക്ക്മികച്ച പിന്തുണ നൽകി.
ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ കെൽപ്പുള്ള താരങ്ങളാണിവർ. സാഹചര്യത്തിനനുസരിച്ച് കളി അനുകൂലമാക്കാൻ കഴിയുന്ന രവീന്ദ്ര ജഡേജയും ഇവർക്കൊപ്പം ചേരുന്പോൾ ബാറ്റിംഗ് കരുത്തിൽ ചോദ്യങ്ങളില്ല.
പേസർ ഷമിയും, ബുംറയുടെ അഭാവം നികത്തി. സ്പിൻ കെണിയും ഇന്ത്യക്ക് കരുത്താണ്. ഇന്ത്യ കൂടുതൽ ആശ്രയിച്ചത് സ്പിന്നർമാരെയാണ്. ആ കെണിയിൽ ഇരകൾ വീഴുകയും ചെയ്തു.
സിപിന്നിനെ തുണയ്ക്കുന്ന പിച്ചിൽ വരുണ്‍ ചക്രവർത്തി വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ന്യൂസിലൻഡിനെതിരേ അഞ്ച് വിക്കറ്റ് നേട്ടത്തോടെ മിന്നും ഫോമിലാണ് വരുണ്‍ ചക്രവർത്തി. അക്സർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർകൂടി ചേരുന്നതോടെ ടീം സമ്പൂർണമാണ്. ഫീൽഡിംഗിലും ഇന്ത്യ മികവ് പുലർത്തുന്നുണ്ട്.
ന്യൂസിലൻഡും മികച്ച ബാറ്റിംഗ്, ബൗളിംഗ് നിരയ്ക്കൊപ്പം ഫീൽഡിംഗും തിളങ്ങുന്നു. ഇന്ത്യയെപ്പോലെ തന്നെ ബാലൻസ്ഡ് സംഘം. ഉദ്ഘാടനമത്സരത്തിൽ പാക്കിസ്ഥാനെതിരേ സ്കോർ 300 കടത്തിയ ന്യൂസ്ലാൻ്റ് ബാറ്റിംഗ് വിശ്വസ്തരാണ് രചിൻ രവീന്ദ്ര, വിൽ യംഗ്, ഡെവൻ കോണ്‍വേയ്, ഡാരിൽ മിച്ചൽ, ടോം ലാഥം, വില്യംസണ് എന്നിവര്‍.
സ്പിന്നിനെ നന്നായി നേരിടുന്ന വില്യംസണ് ഇടംകൈയൻ സ്പിന്നർമാർക്കെതിരേ നൂറിനു മുകളിലാണ് ശരാശരിയെന്നതും ശ്രദ്ധേയമാണ്. ബൗളിംങ്ങിലും ന്യൂസിലൻഡ് ശക്തമാണ്. സ്പിന്നർമാരായി ക്യാപ്റ്റൻ മിച്ചൽ സാന്റ്നർക്കൊപ്പം ബ്രേസ്വെല്ലും വെല്ലുവിളിയുയർത്തും. ഗ്ലെൻ ഫിലിപ്സും രചിൻ രവീന്ദ്രയും പിന്തുണ നൽകുന്നതോടെ ശക്തമായ ബാറ്റിംഗ് പോലെ ബൗളിംഗും ശക്തമാണ്.
2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരം ടൈ ആയതിന്റെ ഓർമകൾ ആരാധകമനസിലുണ്ടാകും. ഒട്ടേറെ വിമർശനം ഉയർന്ന ആ നിയമം ഐസിസി പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇന്ന് മത്സരം ടൈ ആയാൽ വീണ്ടും സൂപ്പർ ഓവർ നടത്തും. അതിലും ടൈ ആയാൽ വീണ്ടും സൂപ്പർ ഓവർ എന്ന രീതിയിലാണ് വിജയികളെ കണ്ടെത്തുക.
ദുബായിൽ മഴ പെയ്യാനുള്ള സാധ്യത വിരളമാണെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ ഐസിസി റിസർവ് ദിനം പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. 2002ൽ ഇന്ത്യയും ശ്രീലങ്കയും ഇത്തരത്തിൽ സംയുക്ത ജേതാക്കളായിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യമത്സരം ബംഗ്ലാദേശിനെതിരേയായിരുന്നു. അതിൽ അനായാസ ജയം. രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെയും അനായാസം വീഴ്ത്തി. മൂന്നാം മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരെ കിവികൾ പിടിച്ചുകെട്ടി. അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ സ്പിൻകെണിയിൽ കിവികളെ വീഴ്ത്തി. സെമിയിൽ ഓസീസിനെയും മറികടന്നാണ് ഫൈനലിൽ എത്തിയത്.
ന്യൂസിലൻഡ് ഉദ്ഘാടനമത്സരത്തിൽ പാക്കിസ്ഥാനെ 60 റണ്‍സിനാണ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തകർത്തു. മൂന്നാം മത്സരത്തിൽ ഇന്ത്യൻ സ്പിൻ കെണിയിൽ വീഴുകയായിരുന്നു. നാലാം മത്സരത്തിൽ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഫൈനലിലെത്തി.
ഞായറാഴ്ച നടന്ന ഒരു ഫൈനൽ മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണു ക്രിക്കറ്റ് ചരിത്രം. 2000ത്തിലെ നോക്കൗട്ട് കപ്പ് (ഇപ്പോഴത്തെ ചാന്പ്യൻസ് ട്രോഫി) ഫൈനൽ മുതൽ 2023ലെ ഏകദിന ലോകപ്പ് ഫൈനൽ വരെയുള്ള തോൽവികൾ ടീം ഏറ്റുവാങ്ങിയത് ഞായറാഴ്ചയായിരുന്നു.
ഐസിസി ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ ഞായറാഴ്ച നേടിയ ഏകവിജയം 2013ലെ ചാന്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു. എന്നാൽ മഴ വില്ലനായ മത്സരം തിങ്കളാഴ്ച ആയിരുന്നു അവസാനിച്ചത്.