കൊച്ചി: വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് നിർദേശവുമായി ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികളുപയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമെന്നും കോടതി പറഞ്ഞു.
പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സൽക്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലയോരമേഖലയിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകി.
മാലിന്യ വിഷയത്തിൽ റെയിൽവേക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ട്രാക്കുകൾ മാലിന്യമുക്തമായി സൂക്ഷിക്കാൻ റെയിൽവേയ്ക്ക് ബാധ്യതയുണ്ട് എന്ന് ഓർമിപ്പിച്ച ഹൈക്കോടതി ട്രാക്കുകളിൽ മാലിന്യം തള്ളാൻ റെയിൽവേ അനുവദിക്കരുത് എന്നും പറഞ്ഞു.