നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം വിദർഭ മികച്ച ലീഡിലേക്ക്. നാലാംദിനം ചായയ്ക്കു പിരിയുമ്പോൾ രണ്ടാമിന്നിംഗ്സിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ് വിദർഭ. ഇതോടെ അവർക്ക് ആകെ 242 റൺസിൻറെ ലീഡുണ്ട്.
സെഞ്ചുറിയോടെ മലയാളി താരം കരുൺ നായരും (100) റണ്ണൊന്നുമെടുക്കാതെ യഷ് റാത്തോഡുമാണ് ക്രീസിൽ. പാർഥ് രേഖഡെ (ഒന്ന്), ധ്രുവ് ഷോറെ (അഞ്ച്), ഡാനിഷ് മലെവാർ (73) എന്നിവരുടെ വിക്കറ്റുകളാണ് വിദർഭയ്ക്ക് തുടക്കത്തിൽ നഷ്ടമായത്.
37 റൺസിൻറെ നിർണായക ലീഡുമായി രണ്ടാമിന്നിംഗ്സ് തുടങ്ങിയ വിദർഭയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഏഴു റൺസിനിടെ ഓപ്പണർമാർ ഇരുവരും പവലിയനിൽ തിരിച്ചെത്തി. രേഖഡെയെ ജലജ് സക്സേന ബൗൾഡാക്കിയപ്പോൾ ഷോറെയെ എം.ഡി. നിധീഷ് അസ്ഹറുദ്ദീൻറെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നാലെ ഒന്നാമിന്നിംഗ്സിൻറെ അതേ രീതിയിൽ ക്രീസിൽ ഒന്നിച്ച സെഞ്ചുറി വീരൻ ഡാനിഷ് മലെവാറും കരുൺ നായരും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ പടുത്തുയർത്തിയ 182 റൺസിൻറെ മികച്ച കൂട്ടുകെട്ടാണ് വിദർഭയെ ശക്തമായ നിലയിലേക്ക് എത്തിച്ചത്.
സ്കോർ 189 റൺസിൽ നിൽക്കെ ഒന്നാമിന്നിംഗ്സ് മാതൃകയിൽ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മലെവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രൻ കേരളത്തിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടുപിന്നാലെ കരുൺ നായർ തൻറെ സെഞ്ചുറി പൂർത്തിയാക്കി. 193 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിൻറെ ഇന്നിംഗ്സ്.









