തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേതന വർദ്ധന അടക്കമുള്ള ആശമാരുടെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രി നൽകിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങൾ പുനപരിശോധിക്കാൻ പ്രധാനമന്ത്രിയോടു പറയാമെന്നും തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ ആശമാരുടെ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സമരത്തിന്റെ പേരിൽ ഒരു ഭീഷണിയും വേണ്ടെന്നും പ്രതികാര നടപടിയുടെ ഭാഗമായി ആശാ വർക്കർമാരെ പിരിച്ചു വിടാൻ സർക്കാർ തീരുമാനിച്ചാൽ കേന്ദ്രം ഇടപെടുമെന്നും ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയുമെന്നും സുരേഷ് ഗോപി പറഞ്ഞു.