കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിച്ച എഎസ്ഐ വിജിലൻസിന്റെ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയുമായെത്തിയ യുവതിയെയാണ് ഇയാൾ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതെന്നാണ് വിവരം. യുവതിയിൽ നിന്നും കൈക്കൂലിയായി ഇയാൾ മദ്യവും വാങ്ങിയിരുന്നു.
പരാതിക്കാരിക്ക് എതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ എടുത്ത സാമ്പത്തിക ക്രമക്കേട് കേസിൻ്റെ അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.
എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യുവതി വ്യാഴാഴ്ച സ്റ്റേഷനിലെത്തുകയായിരുന്നു. സിഐ അവധിയിലായതിനാൽ എഎസ്ഐ ബിജുവാണ് കേസ് കൈകാര്യം ചെയ്തിരുന്നത്. ഈ സമയം ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ യുവതി കോട്ടയം വിജിലൻസ് ഓഫിസിലെത്തി വിവരങ്ങൾ നൽകി. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി എഎസ്ഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ ഹോട്ടലിൽ എത്തുകയും വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.









