പലകാലങ്ങളിലായി മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. ആരെന്നു മനസ്സിലായോ? നടി മീനയാണ് അത്.
മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും വേഷമിടുക- എന്നത് വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന അത്തരമൊരു അനുഭവം പങ്കുവയ്ക്കാനുണ്ട് നടി മീനയ്ക്ക്.
മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചവരുടെ കൂട്ടത്തിൽ, മമ്മൂട്ടിയുടെ അമ്മ, മകൾ, കാമുകി വേഷങ്ങളെല്ലാം ഒരുപോലെ കയ്യാളുക എന്ന ആ സവിശേഷത സ്വന്തമാക്കിയ ഏകനടിയും ചിലപ്പോൾ മീനയായിരിക്കും.

പി.ജി.വിശ്വംഭരൻറെ സംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലാണ് ബാലതാരമായിരുന്ന മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാർത്ഥത്തിൽ മകളല്ല, മകൾക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്
“ഓർക്കുമ്പോൾ തന്നെ നല്ല രസമുള്ള അനുഭവമാണത്. ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’യുടെ ക്ലിപ്പിംഗ് എന്നെ കാണിച്ച് കണ്ടോ ഇതോർമ്മയുണ്ടോ എന്നൊക്കെ ചോദിച്ചു. ഓർമ്മയില്ല, പക്ഷേ അഭിനയം നന്നായിട്ടുണ്ട് എന്നു പറഞ്ഞു. അവരെന്റെ അച്ഛനായിട്ട് അഭിനയിച്ചു, പിന്നെ ഞാൻ അവരുടെ അമ്മയായും അഭിനയിച്ചു. ഇതൊക്കെ സത്യംപറഞ്ഞാൽ അത്ഭുതമാണ്,” മീന പറയുന്നത് ഇങ്ങനെയാണ്.
രാക്ഷസ രാജാവ്, കറുത്ത പക്ഷികൾ, കഥ പറയുമ്പോൾ തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ പിൽക്കാലത്ത് മീന അഭിനയിച്ചു. ഇതിൽ രാക്ഷസ രാജാവിലാണ് മീന യഥാർത്ഥത്തിൽ മമ്മൂട്ടിയുടെ നായികയായത്. മറ്റ് രണ്ട് ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മമ്മൂട്ടിയുടെ നായികയായിരുന്നില്ല.
അതുപോലെ തന്നെ, രജനീകാന്തിനൊപ്പവും മീന ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. രജനീസാറിന്റെ മോളായും കാമുകിയായും അഭിനയിച്ചു. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ കൂടെയും സമാനമായ രീതിയിൽ അഭിനയിച്ചു.
ബാല്യകാല സഖിയിലാണ് മമ്മൂട്ടിയുടെ അമ്മയായി മീന അഭിനയിച്ചത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിൻറെ (മമ്മൂട്ടി) ഉമ്മയായാണ് മീന വേഷമിട്ടത്. നജീബിൻറെ ബാപ്പ, അതായത് മീനയുടെ ഭർത്താവായി അഭിനയിച്ചത് മമ്മൂട്ടി തന്നെയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.