ന്യൂഡല്‍ഹി: രണ്ടുസ്ത്രീകള്‍ക്കും നേരെ മൃഗങ്ങളെപ്പോലെ ആള്‍ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നെന്നു മണിപ്പുരില്‍ കലാപകാരികള്‍ നഗ്‌നരാക്കി നടത്തിയ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ്. സൈനികനായിരുന്ന, കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയിട്ടുള്ള വ്യക്തിയാണു യുവതിയുടെ ഭര്‍ത്താവ്. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ മണിക്കൂറെന്നാണു സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ”കൊല്ലണമെന്ന ലക്ഷ്യത്തോടെ, ആയുധങ്ങളുമായി മൃഗങ്ങളെപ്പോലെ ആള്‍ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. രണ്ടുപേരെയും ഞങ്ങളുടെ കൂട്ടത്തില്‍നിന്നു മാറ്റിയശേഷം നഗ്‌നരാകാന്‍ ഭീഷണിപ്പെടുത്തി. ഇത്തരം ആക്രമണങ്ങള്‍ ഇനിയും സംഭവിക്കുമോയെന്ന ആശങ്കയുണ്ട്”-അദ്ദേഹം പറഞ്ഞു.
മേയ് നാലിനാണു രാജ്യത്തെ നടുക്കിയ അതിക്രൂരമായ സംഭവം മണിപ്പുരില്‍ നടന്നത്. കുക്കി ഗോത്രവര്‍ഗവും മെയ്‌തെയ് വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണു രണ്ടു കുക്കി വിഭാഗത്തിലെ സ്ത്രീകളെ കലാപകാരികള്‍ നഗ്‌നരാക്കി റോഡില്‍ കൂടി നടത്തിയത്. 15 ദിവസങ്ങള്‍ക്കു ശേഷമാണു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും എല്ലാ കോണുകളില്‍നിന്നും വലിയ രോഷമുണ്ടാവുകയും ചെയ്തതിനു പിന്നാലെ ഇന്നലെയാണു കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
മേയ് നാലിനു സുരക്ഷിത സ്ഥാനം തേടി വനപ്രദേശത്തേക്കു രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ചെറിയ സംഘത്തില്‍ അംഗങ്ങളായിരുന്നു സ്ത്രീകളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ടു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. 56കാരനായ പിതാവും 19കാരനായ മകനും 21കാരിയായ മകളുമാണ് ഇവര്‍. 42, 52 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.
വനത്തിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവര്‍ ഒരു പൊലീസ് സംഘത്തെ കണ്ടുമുട്ടിയതായി എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ക്കൊപ്പം 2 കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്കു പോകുമ്പോഴാണ് കലാപകാരികള്‍ ഇവരെ തേടിയെത്തിയത്. സംഘത്തിലുണ്ടായിരുന്ന 19കാരനെ പൊലീസിനു മുന്നിലിട്ട് ആള്‍ക്കൂട്ടം കൊലപ്പെടുത്തി. സഹോദരിയെ പിടികൂടാനുള്ള ആള്‍ക്കൂട്ടത്തിന്റെ ശ്രമത്തെ ചെറുക്കുമ്പോഴാണ് 19കാരന്‍ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ സംഘത്തിലെ ഒരു സ്ത്രീയെ അക്രമിസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നും പൊലീസിനു ലഭിച്ച പരാതിയില്‍ പറയുന്നു.