കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല. ഈരാറ്റുപേട്ട കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയതത്.
ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇതിനു പിന്നാലെ പിസി ജോർജിനെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. വൈകിട്ട് ആറു മണിയോടെ പാല സബ്ജയിലിലേക്കാവും പിസിയെ കൊണ്ടു പോകുക.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ് കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
പി.സി ജോർജിനെതിരെ കേസ് ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോൾ, ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
ബിജെപി നേതാക്കൾക്കൊപ്പമാണ് പിസി ജോർജ് കോടതിയിൽ എത്തിയത്. രാവിലെ മുതൽ പിസി ജോർജിന്റെ വീട്ടിൽ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് പിസി ജോർജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.