മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്
110 ജീവനുകൾ. പരിക്കേറ്റത് 160 പേർക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മരണങ്ങളുണ്ടായത് പാലക്കാട് ജില്ലയിലാണ്. മരിച്ചത് 26 പേർ. ഇടുക്കിയിൽ 23. വയനാട്ടിൽ 20. ഇന്നലെ കണ്ണൂർ ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന ദമ്പതികളടക്കം ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് പത്തുപേരാണ്.
മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂർ രണ്ടുവീതം. തിരുവനന്തപുരം, തൃശൂർ ഒന്നുവീതം.
വന്യജീവി ആക്രമണം തടയാനുള്ള പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാട്ടാനയാക്രമണം ഉൾപ്പെടെ വർദ്ധിക്കാൻ കാരണമെന്നാണ് ആക്ഷേപം.
കഴിഞ്ഞ വർഷം ഫെബ്രുവരി 10ന് വയനാട് പടമലയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന പനച്ചിൽ അജീഷിന്റെ (45) ജീവനെടുത്ത് ഒരുവർഷം പിന്നിട്ടിട്ടും ഇവിടത്തെ ആനവേലി (ക്രാഷ് ഗാർഡ്) നിർമ്മാണത്തിന് വേഗത വന്നിട്ടില്ല.