ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസിക്കെതിരെ കടുത്ത നടപടിയുമായി ഇഡി. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ബിബിസി വേൾഡ് സർവീസ് ഇന്ത്യ 3.44 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടി വരും. ഇതുകൂടാതെ ചട്ടലംഘനം നടന്ന 2021 മുതൽ കമ്പനിയുടെ ഡയറക്ടമാരായിരുന്ന മൂന്നുപേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ഇവർ ഓരോരുത്തരും 1.14 കോടി വീതം പിഴയൊടുക്കാനും ഉത്തരവിൽ പറയുന്നു.
സമീപകാലത്തെങ്ങും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു വിദേശ മാധ്യമ സ്ഥാപനത്തിനെതിരെ ഇത്ര കടുത്ത നടപടി ഉണ്ടായിട്ടില്ല. 2002ലെ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് 2023 ജനുവരിയിൽ ബിബിസി സംപ്രേഷണം ചെയ്ത ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻ്ററി ഇന്ത്യയുടെ കടുത്ത എതിർപ്പിന് വഴിവച്ചതിന് തൊട്ടുപിന്നാലെ 2023 ഫെബ്രുവരിയിൽ ബിബിസി ഇന്ത്യയുടെ ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നു. ഇതിനു പിന്നാലെയാണ് ഇഡിയും ഇടപെടുന്നത്.
2021 ഒക്ടോബർ 15 മുതൽ ചട്ടലംഘനം നടക്കുകയാണെന്നും ഇത് മുതലുള്ള ഓരോ ദിവസവും 5000 രൂപ എന്ന കണക്കിൽ പിഴയൊടുക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇങ്ങനെയാണ് പിഴത്തുക മൂന്നര കോടിയോളം എത്തിയിരിക്കുന്നത്. ഈ കാലയളവിൽ ബിബിസി ഇന്ത്യയുടെ ചുമതലക്കാരായിരുന്ന ഗൈൽസ് ആൻ്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നിവരാണ് പിഴയൊടുക്കേണ്ട ഡയറക്ടർമാർ.